മധു കൊലക്കേസ്: സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന്

പാലക്കാട്: മധുവിനെ തല്ലിക്കൊന്ന കേസിലെ സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റത്തെക്കുറിച്ച് കേസെടുത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ. മധുവിന്‍റെ അമ്മ മല്ലിയമ്മ, സഹോദരി സരസു, മധു നീതി സംരക്ഷണ സമിതി ചെയർമാൻ വി.എം. മാർസൻ എന്നിവരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സലിം മടവൂർ. എൽ.ജെ.ഡി ജില്ല ജനറൽ സെക്രട്ടറി പി. സെൽവനോടൊപ്പമായിരുന്നു സന്ദർശനം.

സാക്ഷികളെ കൂറുമാറ്റാൻ വലിയൊരു ഗൂഢസംഘം ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മധുവിന്‍റെ അമ്മയെ സമീപത്തെ ചികിത്സാ കേന്ദ്രത്തിന്‍റെ ഉടമയുടെ ബന്ധു ഈയിടെ ഭീഷണിപ്പെടുത്തിയത് ഗൗരവമായി കാണുന്നു. മിക്ക ആദിവാസി കുടുംബങ്ങളുടെയും പട്ടയം നിസ്സാര തുകയുടെ വായ്പക്ക് ജാമ്യമായി ഈ ചികിത്സാ കേന്ദ്രത്തിൽ പണയം വെച്ചിരിക്കുകയാണ്. മധുവിന്‍റെ അമ്മയുടെ പട്ടയവും ഈ സ്ഥാപനത്തിലാണ്. എന്നാൽ പട്ടയം തിരികെ ചോദിക്കുന്ന ആദിവാസികളെ സ്ഥാപനത്തിലേക്ക് കയറ്റുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാർ നിയമിക്കേണ്ട പ്രൊസിക്യൂട്ടറുടെ ചിലവ് താൻ വഹിക്കാമെന്ന നടൻ മമ്മൂട്ടിയുടെ വാക്കുകൾ ആത്മാർത്ഥതയോടെയാണെങ്കിൽ നല്ല ശുചിമുറി പോലുമില്ലാത്ത മധുവിന്‍റെ ജീർണിച്ച വീടിന്‍റെ സ്ഥാനത്ത് നല്ലൊരു വീട് വെച്ചു കൊടുക്കാൻ അദ്ദേഹം തയാറാകണമെന്നും സലീം മടവൂർ ആവശ്യപ്പെട്ടു.

photo: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ അമ്മയെ എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ സന്ദർശിക്കുന്നു. മധു നീതി സംരക്ഷണ സമിതി ചെയർമാൻ വി.എം മാർസൻ, എൽ.ജെ.ഡി പാലക്കാട് ജില്ല ജനറൽ സെക്രട്ടറി പി. സെൽവൻ എന്നിവർ സമീപം

Tags:    
News Summary - mass defection of witnesses in Madhu murder case should be investigated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.