മുതലമട: തമിഴ്നാട്, തൃശൂർ അതിർത്തികൾ പങ്കിടുന്ന ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ മുതലമടയിൽ ഇത്തവണ തെരഞ്ഞെടുപ്പ് വീറും വാശിയും നിറഞ്ഞതായിരിക്കും. അഞ്ചുവർഷത്തിനിടെ മൂന്ന് തവണയാണ് പഞ്ചായത്തിൽ അധ്യക്ഷ സ്ഥാനം മാറിയത്. ആദ്യം എൽ.ഡി.എഫ് നേതൃത്വത്തിൽ കെ. ബേബി സുധയായിരുന്നു പഞ്ചായത്ത് പ്രസിഡൻറ്.
സ്വതന്ത്ര അംഗങ്ങളായ കൽപനദേവി, താജുദ്ദീൻ എന്നിവർ കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോൺഗ്രസ്, ബി.ജെ.പി പിന്തുണയോടുകൂടി പാസാകുകയും ഇരുവരും പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനത്തേ ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ, വീണ്ടും എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അവിശ്വാസപ്രമേയത്തെ കോൺഗ്രസ് ചിഹ്നത്തിൽനിന്നും വിജയിച്ച വിനേഷ്, ജാസ്മിൻ ഷെയ്ഖ് എന്നിവ പിന്തുണച്ചതോടുകൂടി പ്രമേയം വിജയിച്ചു.
എൽ.ഡി.എഫിനെ പിന്തുണച്ച കോൺഗ്രസ് അംഗങ്ങളെ നേതൃത്വം പുറത്താക്കുകയും ചെയ്തു. തുടർന്ന് ജാസ്മിൻ ഷെയ്ഖ് പഞ്ചായത്ത് പ്രസിഡൻറും വിനേഷ് വൈസ് പ്രസിഡന്റുമായി എൽ.ഡി.എഫിന്റെ പിന്തുണയോടു കൂടി ഭരണത്തിലേറി. യു.ഡി.എഫ്- ആറ് (രണ്ട് അംഗങ്ങളെ പുറത്താക്കി), എൽ.ഡി.എഫ്- എട്ട്, ബി.ജെ.പി- മൂന്ന്, സ്വതന്ത്രർ- മൂന്ന് എന്നിങ്ങനെയാണ് അംഗങ്ങളുടെ നില.
പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിലുണ്ടായിരുന്ന കൽപന ദേവി, താജുദ്ദീൻ എന്നിവർ ട്വന്റി ട്വന്റി രാഷ്ട്രീയ പാർട്ടിയിൽ മാങ്ങ ചിഹ്നത്തിലാണ് ഇക്കുറി മത്സരിക്കുന്നത്. പറമ്പിക്കുളം ഉന്നതികളിലെ ആദിവാസി മൂപ്പന്മാർ ഉൾപ്പെടെ ട്വന്റി ട്വന്റിയിൽ അണിനിരന്നതിനാൽ പഞ്ചായത്തിൽ ആധിപത്യമുള്ള ഇടതുപക്ഷം പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയും കോൺഗ്രസും നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. സി.പി.ഐക്കും മുതലമടയിൽ ഒരു സീറ്റ് ഉണ്ട്. വെൽഫെയർ പാർട്ടി രണ്ട് വാർഡുകളിൽ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.