ബിന്ദു, ഷാജി
പാലക്കാട്: പൊലീസ് ചമഞ്ഞ് ഹോട്ടൽ ഉടമയെ കബളിപ്പിച്ച് അഞ്ചു ലക്ഷം രൂപയും കാറും തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളം സ്വദേശി ഷാജി, സുഹൃത്ത് കൊടുങ്ങല്ലൂർ സ്വദേശിനി ബിന്ദു എന്നിവരാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. 2024 ഡിസംബറിലാണ് സംഭവം. പാലക്കാട്ട് ഭക്ഷണം കഴിക്കാനെത്തിയ ഇവർ ഹോട്ടൽ ഉടമയുമായി സൗഹൃദം സ്ഥാപിച്ചു.
കടം കൊടുത്ത വകയിൽ ഹോട്ടൽ ഉടമക്ക് വലിയൊരു തുക ലഭിക്കാനുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ അത് തിരികെ ലഭിക്കാൻ സഹായിക്കാമെന്ന് ഉറപ്പുനൽകിയാണ് തട്ടിപ്പ് നടത്തിയത്.
പൊലീസ് ക്യാമ്പിലെ സർക്കിൾ ഇൻസ്പെക്ടറാണെന്ന് ഷാജിയും സൗത്ത് പൊലീസിലെ എസ്.ഐ ആണെന്ന് ബിന്ദുവും പരിചയപ്പെടുത്തി. തുടർന്ന് പലപ്പോഴായി അഞ്ചു ലക്ഷം രൂപ കൈക്കലാക്കി. പണം നൽകാനുള്ള ആളെ പിടികൂടാൻ എറണാകുളത്ത് പോകണമെന്നും കാർ നൽകണമെന്നും ആവശ്യപ്പെട്ട് ഹോട്ടൽ ഉടമയുടെ കാറുമായി രക്ഷപ്പെട്ടു. ചതി മനസ്സിലാക്കിയ ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഇരുവരെയും തൃശൂരിൽനിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.