പാലക്കാട്: കെ.എം. പുതൂരും പരിസര പ്രദേശങ്ങളും ചൊവ്വാഴ്ച ഉറക്കമുണർന്നത് ഉഗ്രശബ്ദം കേട്ടാണ്. എന്തോ ഒന്ന് വീടിന് സമീപം വന്ന് ഇടിച്ചുവീഴുന്നതായി തോന്നി ഞെട്ടി എഴുന്നേൽക്കുകയായിരുന്നെന്ന് സമീപവാസി അരുൺ ‘മാധ്യമ’ത്തോട് പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് പലതിനും കേടുപാട് പറ്റി. സ്റ്റീൽ ഫാക്ടറിയുടെ മൂന്നുകിലോമീറ്റർ ദൂരെ ചുള്ളിമടയിൽ വരെ ശബ്ദം കേട്ടതായി വാർഡ് മെംബർ മിൻമിനി പറയുന്നു. ഇതിന് പിന്നാലെ ആറുമണിയോടെ മിൻമിനിയും നാട്ടുകാരും സംഭവസ്ഥലത്തെത്തിയിരുന്നു. ഫാക്ടറിക്ക് അടുത്തായി ജനവാസമേഖലയും എൽ.പി.ജി ബോട്ട്ലിങ് പ്ലാന്റുമുണ്ട്. തീ പടരുകയോ മറ്റെവിടെക്കെങ്കിലും വ്യാപിക്കുകയോ ചെയ്തിരുന്നെങ്കിൽ സമാനതകളില്ലാത്ത ദുരന്തത്തിനായിരിക്കും നാട് സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുക എന്ന് മിൻമിനി പറയുന്നു. ഫാക്ടറിയിൽ സുരക്ഷാസംവിധാനങ്ങളൊന്നും തന്നെ ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. മലിനീകരണമടക്കം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇവർ പറയുന്നു. രാവിലെ കമ്പനിയിൽ അപകടമുണ്ടായ സ്ഥലത്തെത്തിയ കലക്ടർക്ക് മിൻമിനിയുടെ നേതൃത്വത്തിൽ നാട്ടുകാർ പരാതി നൽകി.
വില്ലൻ ശീതീകരണ സംവിധാനത്തിലെ ചോർച്ച
പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്ടറിയിൽ ഫർണസ് പൊട്ടിത്തെറിച്ചതിന് കാരണം ഫർണസിലെ ശീതീകരണ സംവിധാനത്തിലുണ്ടായ ചോർച്ചയെന്ന് സംയുക്ത പരിശോധന സംഘം. അഗ്നിരക്ഷസേന, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, മലിനീകരണ നിയന്ത്രണബോർഡ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം ചൊവ്വാഴ്ച രാവിലെ സംഭവസ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. റിപ്പോർട്ട് ക്രോഡീകരിച്ച് വ്യവസായ വകുപ്പ് അധികൃതർ കലക്ടർക്ക് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല ഭരണകൂടം വരുംദിവസങ്ങളിൽ നടപടികൾ ഏകോപിപ്പിക്കും.
കേസെടുത്ത് പൊലീസ്
പാലക്കാട്: ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി എസ്.പി ആർ. ആനന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രത്യേക പൊലീസ് സംഘം കേസന്വേഷിക്കുമെന്നും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.