കെ.എസ്.ആർ.ടി.സി ടെർമിനലിന് കെട്ടിടനമ്പർ സാങ്കേതിക തടസ്സം നീക്കാൻ മന്ത്രിതല യോഗം ചേർന്നു
പാലക്കാട്: പാലക്കാട് കെ.എസ്.ആർ.ടി.സി ടെർമിനലിന് കെട്ടിടനമ്പർ ലഭ്യമാക്കുന്നതിൽ നിലനിൽക്കുന്ന സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. രമേഷ് പിഷാരടി എം.എൽ.എയുടെ ആവശ്യത്തെത്തുടർന്ന് മന്ത്രിയുടെ നിയമസഭയിലുള്ള ഓഫിസിൽ വെച്ചാണ് യോഗം ചേർന്നത്. എം.എൽ.എ ആസ്തി വികസന ഫണ്ട് പൂർണമായും വിനിയോഗിച്ച് നിർമിച്ച പാലക്കാട് കെ.എസ്.ആർ.ടി.സി ടെർമിനൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ട് വർഷങ്ങളായെങ്കിലും ഇതുവരെയും നഗരസഭ കെട്ടിടനമ്പർ നൽകിയിട്ടില്ല. ബസ് സ്റ്റാൻഡിൽ പാർക്കിങ്ങിനായി നിശ്ചയിച്ച സ്ഥലത്ത് അനധികൃതമായി കടകൾ പ്രവർത്തിക്കുന്നതാണ് കെട്ടിടനമ്പർ ലഭിക്കുന്നതിന് പ്രധാന തടസ്സമായതെന്ന് യോഗത്തിൽ എം.എൽ.എ ചൂണ്ടിക്കാണിച്ചു.
എം.എൽ.എയുടെ അധ്യക്ഷതയിൽ നിരന്തരമായി ചേരുന്ന ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ടി.എം.സി) യോഗങ്ങളുടെയും ചർച്ചകളുടെയും ഫലമായി വ്യാപാരികൾ കടകൾ മാറ്റിസ്ഥാപിക്കാൻ സമ്മതം അറിയിച്ച കാര്യം രമേഷ് പിഷാരടി മന്ത്രിയെ ധരിപ്പിച്ചു. പുതിയ കെട്ടിടത്തിൽനിന്ന് മലിനജല സംസ്കരണ പ്ലാന്റിലേക്കുള്ള (എസ്.ടി.പി) കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. രണ്ട് മാസത്തിനകം തടസ്സങ്ങൾ നീക്കി ടെർമിനലിന് കെട്ടിടനമ്പർ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.
പാലക്കാട്-ബംഗളൂരു എ.സി സർവീസിന്റെ വിജയകരമായ പ്രവർത്തനം പരിഗണിച്ച് സർവിസിന് ഒരു അധിക ബസ് അനുവദിക്കണമെന്നും ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് പാലക്കാട് നഗരത്തിൽ ഉല്ലാസയാത്ര നടത്തുന്നതിന് ഒരു ഡബിൾ ഡക്കർ ബസ് സർവിസ് ആരംഭിക്കണമെന്നും രമേഷ് പിഷാരടി എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോദ് ശങ്കർ, ഓപറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജി.പി. പ്രദീപ്കുമാർ, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷറഫ് മുഹമ്മദ്, ചീഫ് ലോ ഓഫിസർ ഹെന, എസ്റ്റേറ്റ് ജനറൽ മാനേജർ ഉല്ലാസ് ബാബു, പാലക്കാട് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.