പാലക്കാട്: ഓൺലൈനായി പാർട്ട്ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പട്ടാമ്പി സ്വദേശിനിയെ വാട്സ്ആപ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് 60.82 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ വടക്കേക്കാട് അഞ്ഞൂർ സ്വദേശി മുനീറിനെയാണ് (27) പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
2025 സെപ്റ്റംബറിലാണ് തട്ടിപ്പുകാർ പരാതിക്കാരിയെ വാട്സ്ആപ് വഴി ബന്ധപ്പെട്ട് ഓൺലൈനായി ഷെയർ ട്രേഡിങ് ചെയ്തു വലിയ വരുമാനമുണ്ടാക്കാമെന്ന് വ്യാമോഹിപ്പിച്ചത്. തട്ടിപ്പുകാർ ടെലഗ്രാം വഴി നൽകിയ ലിങ്കിൽ കയറി പരാതിക്കാരി ജോലി ചെയ്യുകയും തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ചെറിയ തുകകൾ നിക്ഷേപിക്കുകയും ചെയ്തു. തുടക്കത്തിൽ ചെറിയ ലാഭം നൽകി തട്ടിപ്പുകാർ വിശ്വാസം നേടി. പിന്നീട് ഭീമമായ തുക നിക്ഷേപം നടത്തിച്ച് മുഴുവൻ തുകയും തട്ടിയെടുക്കുകയായിരുന്നു.
പാലക്കാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ ഇരക്ക് നഷ്ടപ്പെട്ട തുകയിൽനിന്ന് നാലു ലക്ഷം രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായും ഈ തുക ചെക്കുപയോഗിച്ച് പിൻവലിച്ചതായും മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.