പാലക്കാട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നെന്മാറയിൽ സി.എം.പി മത്സരിക്കാനുള്ള സാധ്യതയേറുന്നു. 2011ൽ സി.എം.പി മത്സരിച്ച മണ്ഡലം തിരികെ വേണമെന്ന നിലപാടിലാണ് നേതൃത്വം. നെന്മാറ മണ്ഡലം സി.എം.പിക്ക് ലഭിക്കുകയാണെങ്കിൽ എം.വി.ആർ കാൻസർ സെൻറർ ചെയർമാൻ സി.എൻ. വിജയകൃഷ്ണനായിരിക്കും സ്ഥാനാർഥി. അഞ്ചു സീറ്റുകളിൽ മത്സരിക്കണമെന്നാണ് കഴിഞ്ഞദിവസം ചേർന്ന സി.എം.പി സംസ്ഥാന കൗൺസിൽ യോഗത്തിലെ തീരുമാനം.
എന്നാൽ, യു.ഡി.എഫ് ഈ വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ല. 2016ൽ യു.ഡി.എഫ് കുന്നംകുളം മാത്രമാണ് സി.എം.പിക്ക് നൽകിയത്. സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ഇവിടെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തുടർച്ചയായി രണ്ടു തവണ പരാജയപ്പെട്ട ഇവിടെ വീണ്ടും ഭാഗ്യപരീക്ഷണം വേണ്ടെന്നാണ് സി.എം.പിയുടെ തീരുമാനം. സി.എം.പി സ്ഥാപക നേതാവ് എം.വി. രാഘവൻ 2011ൽ മത്സരിച്ച നെന്മാറ ഈ പ്രാവശ്യം തിരികെ വേണമെന്ന നിലപാടിലാണ് നേതൃത്വം. സി.പി.എമ്മിെൻറ വി. ചെന്താമരാക്ഷനോട് 8694 വോട്ടിനാണ് എം.വി. രാഘവൻ പരാജയപ്പെട്ടത്. വി. ചെന്താമരാക്ഷന് 64169 ഉം എം.വി. രാഘവന് 55475 ഉം ബി.ജെ.പി.യുടെ എൻ. ശിവരാജന് 9123ഉം വോട്ടുമാണ് ലഭിച്ചത്.
2016 ൽ കോൺഗ്രസിെൻറ മുൻ ഡി.സി.സി പ്രസിഡൻറും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥാണ് സി.പി.എമ്മിെൻറ കെ. ബാബുവിന് എതിരെ ഇവിടെ മത്സരിച്ചത്. എന്നാൽ 7408 വോട്ടിന് കെ. ബാബു വിജയിച്ചു. കെ. ബാബുവിന് 66,316 ഉം എ.വി. ഗോപിനാഥന് 58,908 ഉം ബി.ജെ.പിയുടെ എൻ. ശിവരാജന് 23,096ഉം വോട്ട് ലഭിച്ചു. അതേസമയം യൂത്ത് കോൺഗ്രസിന് നെന്മാറ മണ്ഡലം വേണമെന്ന ആവശ്യം സി.എം.പിയുടെ സാധ്യതയെ ബാധ്യക്കുമോയെന്ന് ആശങ്കയുമുണ്ട്. യു.ഡി.എഫിെൻറ ഐശ്വര്യ കേരള യാത്ര സമാപിച്ചതിന് ശേഷമേ ഇതിൽ തിരുമാനം ഉണ്ടാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.