പട്ടാമ്പി: നഗരസഭയെ സമ്പൂർണ മാലിന്യമുക്തമാക്കാനും ഹരിതാഭമാക്കാനും ലക്ഷ്യമിട്ട് പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ശുചിത്വ ഹർത്താൽ’ പദ്ധതിക്ക് ഉജ്ജ്വല തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ടി.പി. ഷാജി നിർവഹിച്ചു. ശുചിത്വ ഹർത്താലിന് തുടക്കം കുറിച്ച് നഗരത്തിലെ ഗാന്ധി പ്രതിമക്ക് സമീപം ആദ്യ ശുചീകരണ പ്രവർത്തനം നടന്നു.
എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 8.30 മുതൽ 9.30 വരെയുള്ള ഒരു മണിക്കൂർ സമയം നഗരത്തിലെ ശുചിത്വത്തിനായി എല്ലാവരും നിർബന്ധമായും മാറ്റിവെക്കണമെന്ന് നഗരസഭ ചെയർപേഴ്സൻ അറിയിച്ചു. ഈ സമയത്ത് വ്യാപാരികൾ, സ്ഥാപന ഉടമകൾ, പൊതുജനങ്ങൾ തുടങ്ങിയവർ തങ്ങളുടെ വീടുകളും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയാക്കി പദ്ധതിയുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
നഗരസഭയുടെയും ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കാമ്പയിനിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിതേഷ് മൊഴികുന്നം, സ്ഥിരം സമിതി അംഗം പി. ശാഹുൽ ഹമീദ്, നഗരസഭ കൗൺസിലർമാരായ ടി.പി. ഉസ്മാൻ, കെ. മധുസൂദനൻ, എം.പി. സുബ്രഹ്മണ്യൻ, നഗരസഭ സെക്രട്ടറി ഡോ. എസ്. അമൽ, ഡോ. ബാലസുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
നഗരസഭയിലെ സ്കൂളുകളിലെ എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട് വിദ്യാർഥികൾ, ബിൽഡിങ് ഓണേഴ്സ് അസോ. പ്രതിനിധികൾ, വ്യാപാരികൾ, പരിസ്ഥിതി പ്രവർത്തകർ, റസിഡന്റ്‌സ് അസോ. അംഗങ്ങൾ, വിവിധ ക്ലബുകൾ, വായനശാലകൾ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഹരിതകർമസേന അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. ശുചീകരണത്തിൽ പങ്കെടുത്തവർക്ക് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ ചായയും ലഘുഭക്ഷണവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.