പാലക്കാട്: കല്ലടിക്കോട് വാഹനാപകടത്തിൽ അഞ്ചുപേർ ദാരുണമായി മരിച്ച സംഭവത്തിൽ അനുശോചിച്ച് യു.ഡി.എഫ് സ്ഥാനാർഥിയുടെ ഉച്ചവരെയുള്ള പരിപാടികൾ ബുധനാഴ്ച റദ്ദാക്കിയിരുന്നു. ഉച്ചക്കുശേഷം ഡി.സി.സി ഓഫിസിൽ ലോയേഴ്സ് കോൺഗ്രസിന്റെ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനും സംബന്ധിച്ചു. ലോയേഴ്സ് കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. രമേശ് അധ്യക്ഷത വഹിച്ചു. പിന്നീട് പാലക്കാട് നഗരസഭയിൽ എത്തി ജീവനക്കാരോടും അവിടെയുണ്ടായിരുന്നവരോടും പിന്തുണ തേടി. മുല്ലപ്പെരിയാർ വിഷയത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വൈ.എം.സി.എ നടത്തിയ പ്രചാരണ ജാഥയിൽ പങ്കെടുത്തു.
തുടർന്ന് ശകുന്തള ജങ്ഷനിൽ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചു വോട്ടർമാരുടെ പിന്തുണ തേടി. ഏറെ വൈകാരികമായ പിന്തുണയാണ് രാഹുലിനെ അവിടെ ലഭിച്ചത്. ഷാഫി പറമ്പിൽ എം.പിയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് കണ്ണാടി മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു.
പാലക്കാട്: യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വ്യാഴാഴ്ച രാവിലെ 11 മണിക്ക് നാമനിർദേശപത്രിക സമർപ്പിക്കും. വരണാധികാരിയായ ആർ.ഡി.ഒ എസ്. ശ്രീജിത്ത് മുമ്പാകെയാണ് പത്രിക സമർപ്പിക്കുക.
പാലക്കാട്: കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിന്റെ തെരഞ്ഞെടുപ്പ് പരിപാടികൾ ഉച്ചവരെ റദ്ദാക്കിയിരുന്നു.
കോങ്ങാട് നടന്ന പൊതുദർശനത്തിലെത്തി വാഹനാപകടത്തിൽ മരണപ്പെട്ടവർക്ക് സ്ഥാനാർഥി അന്ത്യോപചാരമർപ്പിച്ചു. അഡ്വ. കെ. ശാന്തകുമാരി, ജില്ല കമ്മിറ്റി അംഗം പി.എ. ഗോകുൽ ദാസ്, മുണ്ടൂർ ഏരിയ സെക്രട്ടറി സജീവൻ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി റിയാസുദ്ദീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഉച്ചക്കുശേഷം മാത്തൂർ അമ്പാട് ഭാഗത്തെ വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ അഭ്യർഥിച്ച് പര്യടനം തുടങ്ങി. ശേഷം സി.പി.എം മാത്തൂർ ലോക്കൽ സമ്മേളന ഭാഗമായുള്ള പ്രതിനിധി സമ്മേളന നഗർ സന്ദർശിച്ചു. തുടർന്ന് തൊടിയക്കാവ്, അംങ്കിരക്കാട്, ആലാംതോട്, അയ്യപ്പൻകാവ്, കണക്കത്തറ, ഓറാംകാട്, ആനിക്കോട്, ആനയംകുണ്ട്, മന്ദംപുള്ളി, കിഴക്കേത്തറ, പെരിങ്കിരംകാട്, നാരകപറമ്പ്, തച്ചങ്കാട് എന്നിവിടങ്ങളിലെ ജനങ്ങളെയും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെയും നേരിൽ കണ്ട് പിന്തുണ തേടി.
പര്യടനത്തിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം വി. ചെന്താമരാക്ഷൻ, ജില്ല കമ്മിറ്റി അംഗവും കോങ്ങാട് എം.എൽ.എയുമായ അഡ്വ. കെ. ശാന്തകുമാരി, കുഴൽമന്ദം ഏരിയ കമ്മിറ്റി അംഗങ്ങളായ വി. രാധാകൃഷ്ണൻ, ടി.കെ. ദേവദാസ്, വി. ഷൈജു, എ. രാമകൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.