മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍-തെങ്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുന്തിപ്പുഴയ്ക്ക് കുറുകെയുള്ള ഏനാനിമംഗലം അമ്പലംകുന്ന് തൂക്കുപാലത്തിലൂടെയുള്ള യാത്ര ആശങ്കപ്പെടുത്തുന്നു. തൂക്കുപാലത്തിന്റെ ഇളക്കത്തെ നിയന്ത്രിക്കുന്ന ഉപകരണം (ഷോക്കോബ്‌സര്‍) ഇരുവശത്തും നഷ്ടപ്പെട്ടതോടെ പാലം പതിവിലധികം ആട്ടം കൂടുന്നതാണ് യാത്രക്കാരെ ഭീതിയിലാക്കുന്നത്. പാലത്തിന്റെ ഒരു ഷോക്കോബ്‌സര്‍ മുറിച്ചുമാറ്റികൊണ്ടുപോയനിലയിലാണ്. പലഭാഗങ്ങളിലും തുരുമ്പെടുത്തും ഷീറ്റുകള്‍ ഇളകിയും കൈവരികള്‍ കൂട്ടിയോജിപ്പിച്ച ഭാഗം വേര്‍പ്പെട്ടും അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ് പാലം. അഞ്ചിലധികംപേര്‍ ഒരേസമയം പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ പാലത്തിന്റെ ചാഞ്ചാട്ടംകൂടുകയും ഇത് യാത്രക്കാരില്‍ ഭീതിയുളവാക്കുകയും ചെയ്യുന്നു.
പുഴയുടെ ഇരുകളിലുമുള്ള പയ്യനെടം, കൈതച്ചിറ-മാസപ്പറമ്പ് ഭാഗങ്ങളിലുള്ളവര്‍ക്ക് മണ്ണാര്‍ക്കാട് വഴി ചുറ്റിസഞ്ചരിക്കാതെ അത്യാവശ്യകാര്യങ്ങള്‍ക്ക് കാല്‍നടയായി എത്തിച്ചേരാനുള്ള മാര്‍ഗമാണ് തൂക്കുപാലം. പാലത്തിന് സമീപമുള്ള ഏനാനിമംഗലം ശിവക്ഷേത്രത്തിലേക്കെത്തുന്നവര്‍ക്കും തൂക്കുപാലം പ്രയോജനപ്പെടുന്നു.
2016-17 വര്‍ഷത്തിലെ സുസ്ഥിര ആസ്തിവികസന ഫണ്ടുപയോഗിച്ച് എന്‍.ഷംസുദ്ദീന്‍ എംഎല്‍എയാണ് പാലം യാഥാര്‍ഥ്യമാക്കിയത്. 80ലക്ഷംരൂപ വിനിയോഗിച്ച് നിര്‍മിച്ച പാലം 2018 ഡിസംബര്‍ 31നാണ് ഉദ്ഘാടനം ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് പാലം പെയിന്റുചെയ്തതല്ലാതെ മറ്റൊരു അറ്റകുറ്റപ്പണിയും അധികൃതര്‍ ചെയ്തിട്ടില്ല. അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് പഞ്ചായത്തുകളുടെ ചുമതലയാണ്.
ക്ഷേത്രത്തിലേക്കെത്തുന്നവരും അവധിദിവസങ്ങളില്‍ പുഴയുടെയും തൂക്കുപാലത്തിന്റെയും ഭംഗി ആസ്വദിക്കാനെത്തുന്നവരുമെല്ലാം പാലത്തില്‍ കയറുന്നത് പതിവാണ്. കൂടാതെ പയ്യനെടം ഭാഗത്തുനിന്നും കൈതച്ചിറയിലേക്കും തിരിച്ചും വിദ്യാര്‍ഥികളുള്‍പ്പെടെ കാല്‍നടയായി യാത്ര ചെയ്യുന്നതും ഇതിലൂടെയാണ്. അറ്റകുറ്റപ്പണികള്‍ നടത്തി പാലത്തിന്റെ ശോച്യാവസ്ഥ ഉടനെ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്തിന് സാധ്യമാകുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും പ്രസിഡന്റ് കെ. സ്മിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.