ഇനി സന്തോഷ് ട്രോഫിയുടെ നാളുകൾ; ഫുട്ബാൾ പ്രേമികൾ ആവേശത്തിൽ

അലനല്ലൂർ: വീണ്ടുമൊരു സന്തോഷ് ട്രോഫിക്ക്​ കൂടി കേരളം സാക്ഷ്യം വഹിക്കുന്ന സന്തോഷത്തിലാണ് മലയാളി ഫുട്ബാൾ പ്രേമികൾ. അത് കാൽപന്ത്കളിയുടെ സ്വന്തം മണ്ണായ മലപ്പുറത്താകുമ്പോൾ ആവേശം ഇരട്ടിക്കും. മത്സരവേദികളും ഫിക്സ്ച്ചറും പുറത്തുവന്നതോടെ തന്നെ ഫുട്ബാൾ പ്രേമികൾ ടൂർണമെന്‍റിനായി ഒരുങ്ങിക്കഴിഞ്ഞു. മലപ്പുറം കോട്ടപ്പടി, മഞ്ചേരി പയ്യനാട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന മത്സരങ്ങൾ നേരിൽ കണ്ടാസ്വദിക്കാനുള്ള തയാറെടുപ്പിലാണ് സമീപപ്രദേശങ്ങളിലെ ആളുകൾ. ഇതിനായി സീസൺ ടിക്കറ്റുകൾ സ്വന്തമാക്കിയവർ ഏറെയാണ്. മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന ഇടങ്ങളിലെല്ലാം ഫുട്ബാൾ പ്രിയമാണെങ്കിലും എടത്തനാട്ടുകരയുടെ കാൽപന്ത് പ്രേമം പ്രശസ്തമാണ്. സെവൻസ് ഫുട്ബാളിന്​ പേരുകേട്ട എടത്തനാട്ടുകരയിൽനിന്ന്​ മൂന്ന്​ പേരാണ് ഇതുവരെ സന്തോഷ് ട്രോഫിയിൽ ബൂട്ടണിഞ്ഞത്. 2014 മുതൽ തുടർച്ചയായി മൂന്ന്​ തവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ച വി.പി. സുഹൈർ ഇന്ത്യൻ ടീമിൽ എത്തി നിൽക്കുന്നു. 2018ൽ കേരള ചാമ്പ്യൻ ടീമംഗമായിരുന്ന മുഹമ്മദ് പാറോക്കോട്ടിലും ഇതേവർഷം ഡാമൻഡ്യൂവിനായി ഗോൾവല കാത്ത നിഹാൽ എസ്. ഹുസൈനും എടത്തനാട്ടുകരയുടെ സംഭാവനകളാണ്. അലനല്ലൂർ സ്വദേശി മുഹമ്മദ് ഷനൂസ് കഴിഞ്ഞ വർഷം ജേതാക്കളായ സർവിസസ് ടീമംഗമായിരുന്നു. ടൂർണമെന്‍റ്​ പടിവാതിൽക്കൽ എത്തിയതോടെ സംഘം ചേർന്നും മറ്റും മത്സരവേദികളിലേക്കുള്ള യാത്രകളുടെ തയാറെടുപ്പിലാണ് ഇവിടത്തുകാർ. ഒപ്പം കേരളത്തിന്‍റെ കിരീട നേട്ടത്തിനായുള്ള പ്രാർഥനകളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.