മിടുമിടുക്കിയായി കുഞ്ഞു ഷെൻസ; കയ്യടി നേടി അൽവസ്

മിടുമിടുക്കിയായി കുഞ്ഞു ഷെൻസ; കൈയടി നേടി അൽവസ്​ ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജൈത്രം അനുമോദന യോഗത്തിൽ താരങ്ങളായി മൂന്നു വയസ്സുകാരി ഷെൻസയും എട്ടു വയസ്സുകാരൻ ആൽവസും. എൽ.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന യോഗത്തിലാണ് ഷെൻസയും ആൽവസും കൈയടി നേടിയത്. 40 സെക്കൻഡിനുള്ളിൽ 40 രാജ്യങ്ങളുടെ കറൻസികൾ പേരുകൾ പറഞ്ഞാണ് കുഞ്ഞു ഷെൻസ താരമായത്. കൂടാതെ 80 രാജ്യങ്ങളുടെ പതാക, ഇന്ത്യൻ രാഷ്ട്രപതിമാരുടെ പേരുകൾ, കേരളത്തിലെ മുഖ്യ മന്ത്രിമാരുടെ പേരുകൾ, സംസ്ഥാനങ്ങൾ, ജില്ലകൾ എന്നിവയെല്ലാം ഞൊടിയിടയിൽ ഷെൻസ പറഞ്ഞു. ഷെൻസയുടെ മികവിന് നേരത്തേ ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സിന്റെ അംഗീകാരവും തേടിയെത്തിയിരുന്നു. അധ്യാപികയായ മാതാവ് ഷാക്കിറ പി.എസ്. സിക്ക് പഠിക്കുന്നത് കേട്ടാണ് മകൾ ഷെൻസ ഓരോ അറിവുകളും ഹൃദിസ്ഥമാക്കിയത്. കോട്ടോപ്പാടം മഹാളിക്കുന്ന് കപ്പൂരൻ വീട്ടിൽ സുബൈറിന്റെയും ഷാക്കിറയുടെയും ഏക മകളാണ് ഷെൻസ. പൊമ്പറ എ.യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയായ ആൽവസ് ചിത്ര രചനയിലാണ് കഴിവ് തെളിയിച്ചത്. ഏത് മൃഗത്തിന്റെ പേര് പറഞ്ഞാലും ഒരു മിനിറ്റിനകം വരച്ചുതീർക്കാൻ ആൽവസിനാവും. അഡ്വ. കെ. പ്രേം കുമാർ എം.എൽ.എ ആവശ്യപ്പെട്ട ആനയുടെ ചിത്രം ഒരു മിനിറ്റിനകം ആൽവസ് പൂർത്തിയാക്കിയത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. അനുമോദന യോഗം അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ. രജിത, പി. എ. തങ്ങൾ, പി. ഹരിഗോവിന്ദൻ മാസ്റ്റർ, കെ.കെ. ഷൗക്കത്തലി, കെ. എം. ഹനീഫ, കെ.ടി. രാമചന്ദ്രൻ, സി. ചാമി, ഇ.പി. ബഷീർ എന്നിവർ സംസാരിച്ചു. ചിത്രവിവരണം: കരിമ്പുഴ ഗ്രാമപഞ്ചായത്ത് ജൈത്രം അനുമോദന യോഗം കെ. പ്രേം കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.