യൂനിയനുകളുടെ നിസ്സഹകരണം വെയർഹൗസുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നെന്ന്​

പാലക്കാട്: യൂനിയനുകളുടെ നിസ്സഹകരണം സംസ്ഥാ​നത്തെ വെയർഹൗസുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതായി പരാതി​. ഭക്ഷ്യഗോഡൗണുകളടക്കമുള്ളിടങ്ങളിൽ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്​. ചൊവ്വാഴ്ച ഒലവക്കോട് എഫ്.സി.ഐയിൽ തൊഴിലാളികൾ അലംഭാവം കാണിച്ചത്​ മൂലം 70 മെട്രിക് ടൺ ഭക്ഷ്യധാന്യം വിതരണത്തിനിറങ്ങാ​തെ ഗോഡൗണിൽ കെട്ടിക്കിടന്നതിനെ തുടർന്ന്​ അധികൃതർ കാരണം കാണിക്കൽ നോട്ടീസ്​ നൽകി. മാർച്ച് 15നകം ഗോഡൗണിൽ നിന്ന്​ വിതരണത്തിനിറങ്ങേണ്ടിയിരുന്ന ഭക്ഷ്യധാന്യമാണ്​ ഗോഡൗണിൽ കെട്ടിക്കിടന്നത്​. മാർച്ചിൽ വിതരണം ചെയ്യേണ്ട അരിയും ഗോതമ്പുമടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ കയറ്റാനായി വാഹനങ്ങൾ ഉച്ചക്ക്​ രണ്ടോടെ ഗോഡൗണിൽ എത്തിയെങ്കിലും തൊഴിലാളികൾ ഓവർടൈം ജോലിക്ക്​ കയറാനാവില്ലെന്ന്​ അറിയിച്ചതോടെ തിരിച്ചുപോവുകയായിരുന്നു. പ്രതിദിനം എൺപതോളം വാഹനങ്ങൾ ലോഡ് കയറ്റിപ്പോയിരുന്ന ഇവിടെ നിലവിൽ 50 വാഹനങ്ങളിൽ മാത്രമാണ് ലോഡ് കയറ്റുന്നത്. കൂലിക്ക്​ പുറമെ അട്ടിക്കാശ് എന്ന പേരിൽ അമിത കൂലി വാങ്ങുന്നതിനെതിരെ ഹൈകോടതിയിൽനിന്ന്​ കരാറുകാരൻ അനുകൂല വിധി നേടിയിരുന്നു. അട്ടിക്കാശ്, നോക്കുകൂലി എന്നിവക്ക്​ കോടതി വിലക്ക് ഏർപ്പെടുത്തിയതോടെയാണ് തൊഴിലാളികൾ ജോലിയിൽ നിസ്സഹകരണമടക്കമുള്ള പ്രതിഷേധം തുടങ്ങിയത്​. ബിവറേജസ്​ കോർപറേഷന്‍റെ വെയർഹൗസുകളിലും ​'ബോണസ്​' എന്ന പേരിൽ അമിത കൂലി വാങ്ങുന്നതായി ലോറി ഉടമകൾക്ക് പരാതിയുണ്ട്. ബോണസ് നൽകാൻ തയാറാവാത്ത വാഹനങ്ങളിൽനിന്ന്​ സാവധാനമാണ് ലോഡിറക്കുക. ഇതോടെ ഇത്തരം വാഹനങ്ങൾ ദിവസങ്ങളോളം ഗോഡൗണിൽ കുടുങ്ങിക്കിടക്കും. 50,000 മുതൽ ലക്ഷം വരെയാണ് ഗോഡൗണുകളിലെ തൊഴിലാളികളുടെ മാസശമ്പളം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.