കരാറെടുക്കാന്‍ ആളില്ല; സംസ്ഥാന പാതയിലെ അറ്റകുറ്റപ്പണി അനിശ്ചിതത്വത്തിൽ

അലനല്ലൂർ: രണ്ടുതവണ ടെൻഡര്‍ ചെയ്തിട്ടും കരാര്‍ ഏറ്റെടുക്കാനാളില്ലാതായതോടെ കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയില്‍ അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികള്‍ അനിശ്ചിതത്വത്തില്‍. ഒരുവര്‍ഷത്തെ നടത്തിപ്പു കരാറില്‍ സംസ്ഥാനപാതയുൾപ്പെടെ കുമരംപുത്തൂര്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന നാട്ടുകല്‍ -പാലോട് - കുന്നിന്‍പുറം - നരിക്കോട് - ചാമപ്പറമ്പ് റോഡ്, നാട്ടുകല്‍ - പാലോട് - ചെത്തല്ലൂര്‍ - മുറിയക്കണ്ണി - വാക്കടപ്പുറം തുമ്പക്കണ്ണി റോഡ്, ഒറ്റപ്പാലം - മണ്ണാര്‍ക്കാട് റോഡ്, കല്ലടിക്കോട് ശ്രീകൃഷ്ണപുരം റോഡ്, വട്ടമ്പലം - കൊട്ടപ്പുറം റോഡ്, അലനല്ലൂര്‍ - കണ്ണംകുണ്ട് - കൊടിയംകുന്ന് റോഡ്, അരിയൂര്‍ - അമ്പാഴക്കോട് - പൊതുവപ്പാടം റോഡ്, കണ്ടമംഗലം - കുന്തിപ്പാടം - ഇരട്ടവാരി റോഡ്, ആലുങ്ങല്‍ - കൊമ്പന്‍കല്ല് - ഓലപ്പാറ റോഡ്, ഉണ്ണ്യാല്‍ - എടത്തനാട്ടുകര റോഡുകളുടെ പരിപാലനത്തിനായി ക്ലസ്റ്ററായാണ് പൊതുമരാമത്ത് നിരത്തു വിഭാഗം ടെൻഡര്‍ ക്ഷണിച്ചത്. ആകെ 70.35 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ബി.എം ആൻഡ്​​ ബി.സി ഉൾപ്പെടെയുള്ള പ്രവൃത്തികള്‍ക്കായി 3,36,46,000 രൂപയാണ് കരാര്‍ തുക. ഫെബ്രുവരി ഒമ്പതിനാണ് ആദ്യം ടെൻഡര്‍ ക്ഷണിച്ചത്. 21ന് തുറന്നെങ്കിലും ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല. ഇതേ തുടര്‍ന്ന് അടുത്ത ദിവസം റീ ടെൻഡര്‍ ചെയ്ത് ഈ മാസം നാലിന് തുറന്നെങ്കിലും അന്നും പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ എത്തിയില്ല. ഒരു വര്‍ഷത്തെ കാലാവധി കഴിയാതെ ബില്ല് മാറാനാകില്ലെന്നതും വലിയ നിക്ഷേപ തുക വേണമെന്നതും പ്രവൃത്തികളുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളുമാണ് ടെൻഡര്‍ ഏറ്റൈടുക്കുന്നതില്‍നിന്ന്​ കരാറുകാരെ പിറകോട്ട്​ വലിക്കുന്നതെന്നാണ്​ വിലയിരുത്തല്‍. 11 റോഡുകളുടെ പ്രവൃത്തികള്‍ക്കായുള്ള അസംസ്കൃത വസ്തുക്കള്‍ മുന്നേ കൂട്ടി സംഭരിച്ച് വെക്കണമെന്നതുപ്പെടെയുള്ള നിബന്ധനയുണ്ട്. നടത്തിപ്പു കരാര്‍ കാലാവധിയില്‍ റോഡിന് കുഴപ്പങ്ങളുണ്ടായാല്‍ മാത്രമേ പ്രവൃത്തിയും നിര്‍വഹിക്കാനാകൂ. അതുകൊണ്ടുതന്നെ സംഭരിച്ച് വെക്കുന്ന അസംസ്കൃത വസ്തുക്കള്‍ പ്രവൃത്തികള്‍ക്കായി വിനിയോഗിക്കേണ്ടി വന്നില്ലെങ്കില്‍ നഷ്ടം വരുമോയെന്നും കരാറുകാർക്ക്​ ആശങ്കയുണ്ടാകാം. മൂന്നാം തവണയും പ്രവൃത്തി ടെൻഡര്‍ വിളിക്കാനുള്ള തീരുമാനത്തിലാണ് പൊതുമരാമത്ത് നിരത്ത് പരിപാലന വിഭാഗം. അതേസമയം, അപകടങ്ങളും മരണങ്ങളുമുണ്ടായിട്ടും സംസ്ഥാനപാതയിലെ ശോച്യാവസ്ഥക്ക്​ പരിഹാരം കാണുന്നതില്‍ പൊതുമരാമത്ത് വകുപ്പ് തുടരുന്ന അനാസ്ഥക്കെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. കുമരംപുത്തൂര്‍- ഒലിപ്പുഴ പാതയില്‍ അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്ത് റോഡിന്‍റെ സ്ഥിതി വളരെ മോശമാണ്. കഴിഞ്ഞ ആറുമാസത്തിനിടെ കോട്ടോപ്പാടത്തെയും കാട്ടുകുളത്തെയും റോഡിലെ കുഴികള്‍ രണ്ട് പേരുടെ ജീവന്‍ അപഹരിച്ചിരുന്നു. റോഡ് അറ്റകുറ്റപ്പണി നിര്‍വഹിക്കാനായി പൊതുമാരമാത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗത്തിന് മേല്‍ സമര്‍ദമേറുന്നുണ്ടെങ്കിലും കരാറുകാരെ കിട്ടാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.