യുദ്ധഭൂമിയിൽനിന്ന്​ നിഹാൽ തിരിച്ചെത്തി; നന്ദിയറിയിച്ച് മാതാപിതാക്കൾ

കൊല്ലങ്കോട്: മിസൈൽ വർഷിക്കുന്ന നഗരത്തിൽനിന്ന് നാട്ടിലെത്തി നിഹാൽ. അധികൃതർക്ക്​ നന്ദിയറിച്ച് കുടുംബം. യുക്രെയ്​നിലെ സെപോറിസിയ മെഡിക്കൽ സർവകലാശാലയിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയും മുതലമട നണ്ടൻകിഴായ ഹസൻ-ഷൈല ദമ്പതികളുടെ മകനുമായ നിഹാലാണ് തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയത്. സെപോറിസിയ മെഡിക്കൽ സർവകലാശാലയിൽനിന്ന്​ അറുനൂറോളം ഇന്ത്യൻ വിദ്യാർഥികൾ ഏഴു ദിവസം നീണ്ട യാത്രക്കൊടുവിലാണ് ഡൽഹിയിലെത്തിയത്. സെപോറിസിയയിൽനിന്ന്​ ട്രെയിൻ മാർഗം രണ്ട് ദിവസം യാത്ര ചെയ്താണ് ഹംഗറി അതിർത്തിയായ ഉസോ റോഡിൽ എത്തിയത്. ഉസോ റോഡിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഹംഗറിയിലെ അതിർത്തി നഗരമായ സഹോനിയിലെത്തിയപ്പോഴാണ് അൽപം വിശ്രമിക്കാൻ സമയം ലഭിച്ചത്. യുക്രെയ്ൻ സർക്കാറും മെഡിക്കൽ സർവകലാശാല അധികൃതരും ത്വരിതമായി ഇടപെട്ടതുകൊണ്ടാണ് യുക്രെയ്ൻ-പോളണ്ട് അതിർത്തിയിലേക്ക് എത്താൻ സാധിച്ചതെന്ന് നിഹാൽ പറഞ്ഞു. ഹംഗറി അതിർത്തിക്കകത്തുള്ള സഹോനിയിലെത്തി അവിടെ നിന്ന്​ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് വീണ്ടും ട്രെയിൻ മാർഗം എത്തിക്കാൻ ഹംഗറി സർക്കാർ നടപടികൾ വേഗത്തിലാക്കി. ശേഷമാണ് ബുഡാപെസ്റ്റിൽനിന്ന്​ കേന്ദ്ര സർക്കാറിന്‍റെ 'ഓപറേഷൻ ഗംഗ' പദ്ധതിയിൽ ഡൽഹിയിലെത്തിയത്. ഡൽഹിയിൽനിന്ന്​ നെടുമ്പാശേരിയിലേക്ക് വിമാനം വൈകിയതിനാൽ 40 മണിക്കൂറിലധികം ഡൽഹിയിൽ കാത്തിരുന്ന ശേഷമാണ് നിഹാലും സഹ വിദ്യാർഥികളും തിങ്കളാഴ്ച വൈകുന്നേരം നെടുമ്പാശേരിയിലെത്തിയത്. വസ്ത്രങ്ങളും പുസ്തകങ്ങളും കൂടുതൽ എടുക്കരുതെന്ന നിർദേശത്തെ തുടർന്ന് ഒരു ബാഗിലുള്ള വസ്ത്രങ്ങൾ മാത്രമാണ് എടുത്തതെന്നും നാട്ടിൽ തിരിച്ചെത്താൻ സഹായിച്ച എല്ലാവർക്കും നന്ദിയറിയിക്കുന്നതായും നിഹാലിന്‍റെ ഉമ്മ ഷൈല പറഞ്ഞു. pew-klgd നിഹാൽ മാതാപിതാക്കളോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.