മണ്ണാർക്കാട് ഗതാഗത പരിഷ്കരണം: എതിർപ്പുമായി സി.പി.എം

--പരിഷ്കാരത്തിന് ബദൽ നിർദേശം- മണ്ണാർക്കാട്: നഗരത്തിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരം അശാസ്ത്രീയമാണെന്ന് സി.പി.എം ഏരിയ കമ്മിറ്റിയും സി.ഐ.ടി.യു നേതാക്കളും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നഗരസഭ ചെയർമാന്റെ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി ഏകപക്ഷീയമായി നടപ്പാക്കിയ പരിഷ്കാരങ്ങൾ ജനങ്ങൾക്ക് ഉപകാരമില്ലാത്തതാണെന്നും ചെയർമാന്റെ താൽപര്യം നോക്കി പൊലീസ് പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ ശക്തമായി എതിർക്കുമെന്നും നേതാക്കൾ പറഞ്ഞു. നഗരസഭ കൗൺസിലിൽപോലും ചർച്ച ചെയ്യാതെയാണ് പരിഷ്കാരങ്ങൾ നടപ്പാക്കിയതെന്നും ഇതിനു പിന്നിൽ പല താൽപര്യങ്ങളുമുണ്ടെന്നും നേതാക്കൾ ആരോപിച്ചു. കോടതിപ്പടിയിൽ പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള ബസുകൾ പണി പൂർത്തിയായ കംഫർട്ട്​ സ്റ്റേഷനോട് ചേർന്നുള്ള ബസ് ബേയിലേക്ക് മാറ്റണമെന്നും കോടതിപ്പടിയിൽ ട്രാഫിക് സിഗ്നൽ സംവിധാനം ഒരുക്കി നെട്ടരക്കടവ് റോഡിലൂടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ക്രമീകരിക്കണമെന്നും ഓട്ടോ സ്റ്റാൻഡുകളിൽ ഓട്ടോറിക്ഷകളുടെ എണ്ണം നിജപ്പെടുത്തുകയും നമ്പറും സ്റ്റിക്കറും നൽകി നിയന്ത്രിക്കുകയും സ്റ്റാൻഡുകൾ കൃത്യമായി ക്രമീകരിക്കുകയും വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നടമാളിക റോഡ് പണി പൂർത്തിയായാൽ ഓട്ടോ പാർക്കിങ് ഉൾപ്പെടെ മുഴുവൻ പാർക്കിങ്ങും ഒഴിവാക്കി നഗരത്തിലെ ബദൽ സമാന്തര റോഡാക്കി മാറ്റണമെന്നും ഈ ഭാഗത്തെ ഓട്ടോ സ്റ്റാൻഡ് വടക്കുമണ്ണം റോഡിലേക്കും സിവിൽ സ്റ്റേഷന് മുൻവശത്തെ ഓട്ടോ സ്റ്റാൻഡ് എം.പി ഓഡിറ്റോറിയത്തിന് സമീപത്തേക്കും ധർമർ കോവിലിനു മുന്നിലെ ഓട്ടോറിക്ഷകൾ ടിപ്പു ജങ്​ഷനിലേക്ക് മാറ്റണമെന്നും ബിവറേജസ്​ ഔട്‍ലറ്റിന് സമീപത്തെ ഓട്ടോ പാർക്കിങ്​ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. മുല്ലാസിന്​ മുന്നിലെ ഓട്ടോ സ്റ്റാൻഡും ബസ് സ്റ്റോപ്പും നിലനിർത്തണമെന്നും കോടതിപ്പടിയിലെ സീബ്രലൈൻ സാമിയക്ക് മുന്നിലേക്ക് മാറ്റണമെന്നും ഉൾപ്പെടെ നിർദേശങ്ങളും നേതാക്കൾ മുന്നോട്ടുവെച്ചു. പൊതുജന ഹിതത്തിന് വിരുദ്ധമായി പരിഷ്കാരം നടപ്പാക്കിയാൽ അടുത്ത ദിവസങ്ങളിൽ ഇതുമായി നിസ്സഹകരിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.പി.എം ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ, ലോക്കൽ സെക്രട്ടറി കെ.പി. ജയരാജ്, നഗരസഭ കൗൺസിലർ ടി.ആർ. സെബാസ്റ്റ്യൻ, സി.ഐ.ടി.യു ജില്ല നേതാക്കളായ പി. ദാസൻ, സുനിൽ കുമാർ, ടി. നാഗരാജൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.