പറമ്പിക്കുളം: 2015ൽ അനുവദിച്ച ഭവന പദ്ധതി പൂർത്തീകരിക്കാൻ സാധിക്കാതെ ആദിവാസി ദമ്പതികൾ ദുരിതത്തിൽ. തേക്കടി അല്ലിമൂപ്പൻ കോളനിയിലെ മലസർ വിഭാഗത്തിൽ ഉൾപ്പെട്ട ശശീന്ദ്രൻ-നിശ ദമ്പതികൾക്കാണ് വനംവകുപ്പിൻെറ അനാസ്ഥ മൂലം വീട് നിർമാണം പൂർത്തീകരിക്കാനാവാതെ ദുരിതത്തിലായത്.
2015-16ൽ പട്ടികവർഗം വകുപ്പിൻെറ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപ വകയിരുത്തിയിരുന്നു. നിർമാണത്തിന് സ്വകാര്യ ഏജൻസിയും നിരീക്ഷണത്തിന് വനംവകുപ്പിനുമാണ് ചുമതല. ഭവന നിർമാണ ഘട്ടങ്ങൾ വിലയിരുത്തി ഫണ്ട് നൽകിയിരുന്നതും വനംവകുപ്പാണ്. എന്നാൽ, വകുപ്പിൻെറ അനാസ്ഥയും ഭവനപദ്ധതികളുടെ മോണിറ്ററിങ് നടക്കാത്തതും കാരണം ശശീന്ദ്രൻെറ ഭവന പദ്ധതി നിലച്ചു.
നിർമാണത്തിനായി തുക കൈപ്പറ്റിയ സ്വകാര്യ ഏജൻസി ഒന്നര ലക്ഷത്തോളം രൂപ കൈപ്പറ്റി വീടിൻെറ പ്രധാന കോൺക്രീറ്റ് നടത്താതെ മുങ്ങിയതാണ് പാതിവഴിയിൽ വീട് നിർമാണം നിലക്കാൻ കാരണമെന്ന് ശശീന്ദ്രൻ പറഞ്ഞു. ശശീന്ദ്രനെ പോലെ നാല് വീടുകളാണ് അല്ലിമൂപ്പൻ കോളനിയിൽ നിർമാണം മുടങ്ങി നിൽക്കുന്നത്. ഭവന പദ്ധതി പൂർത്തീകരണ സമയം കഴിഞ്ഞും പദ്ധതി പൂർത്തീകരിക്കാത്തതിനാൽ പട്ടികവർഗ വകുപ്പ് നേരിൽ ഇടപെട്ട് ശശീന്ദ്രൻെറ വീട് നിർമാണം പൂർത്തീകരിച്ചു നൽകുമെന്ന് മുതലമട ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ പി. രാജീവ് പറഞ്ഞു. ഭവന പദ്ധതിയുടെ പണം തട്ടിയെടുത്ത ഏജൻസിക്കെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് പട്ടികവർഗ വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.