ആദിവാസി ഭൂമി കൈയേറി കുടിലുകൾ കത്തിച്ച കേസ്: പ്രതികൾക്ക് ജാമ്യം

മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറി കുടിലുകൾ കത്തിച്ച കേസിൽ എച്ച്.ആർ.ഡി.എസ് പ്രസിഡന്‍റ്​ സ്വാമി ആത്മ നമ്പി, വൈസ് പ്രസിഡന്‍റ്​ കെ.ജി. വേണുഗോപാൽ, ജോയി മാത്യു എന്നിവർക്ക് മണ്ണാർക്കാട് ജില്ല സ്​പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹൈകോടതി അനുവദിച്ച മുൻകൂർ ജാമ്യം ആഗസ്റ്റ്​ 14ന്​ അവസാനിക്കുന്നതിനാലാണ് പ്രതികൾ മണ്ണാർക്കാട് പ്രത്യേക കോടതിയിൽ ജാമ്യം തേടിയത്. രണ്ടാഴ്ചയിലൊരിക്കൽ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, കോടതിയുടെ അനുമതി കൂടാതെ രാജ്യം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, രണ്ടുപേരുടെ ജാമ്യം എന്നിവയാണ് വ്യവസ്ഥകൾ. അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറി കുടിൽ കത്തിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്​തെന്നായിരുന്നു ഇവർക്കെതിരെയുള്ള കേസ്​. നേരത്തെ ഈ കേസിലെ ഒന്നാം പ്രതി എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. പിണറായി സർക്കാർ എതിർ ശബ്ദങ്ങൾക്കെതിരെ കള്ളക്കേസെടുക്കുകയാണെന്നും ജുഡീഷ്യറിയെയും പൊലീസിനേയും ചട്ടുകമാക്കുകയാണെന്നും എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു. കോടതികൾ ഇത് തിരിച്ചറിയുന്നുണ്ടെന്നും അതിനാലാണ് തങ്ങൾക്ക് ജാമ്യം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അട്ടപ്പാടി മധു വധക്കേസിൽ മധുവിന്‍റെ അമ്മക്കും കുടുംബത്തിനും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് അജി കൃഷ്ണൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.