ഒറ്റപ്പാലം: നീണ്ട നിരീക്ഷണ പരീക്ഷണങ്ങൾക്കൊടുവിൽ സ്വാതന്ത്ര്യാമൃതം ഫ്യൂഷൻ പാവക്കൂത്ത് അവതരണ സജ്ജം. തോൽപ്പാവക്കൂത്തും 'മൃദു' വാദ്യ കലാരൂപവും സമന്വയിപ്പിച്ച് പത്മശ്രീ രാമചന്ദ്ര പുലവരും കുഴൽമന്ദം രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പുതിയ പാവനാടകമാണിത്. 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി ചിട്ടപ്പെടുത്തിയ പാവക്കൂത്തിൽ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മഹനീയ മുഹൂർത്തങ്ങൾക്ക് പുറമെ ഭാവി ഇന്ത്യ എങ്ങനെ ആയിരിക്കണമെന്ന സ്വപ്നവും നിഴൽ രൂപങ്ങളിലൂടെ അനാവൃതമാകും. കുഴൽമന്ദം രാമകൃഷ്ണൻ രചിച്ച അഞ്ച് ഗാനങ്ങൾ സംഗീതം നൽകി ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് രാമചന്ദ്രൻ തൃശൂരാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ സ്വാതന്ത്ര്യലബ്ധിയും ഇന്ത്യ വിഭജനം ഉൾപ്പെടെയുള്ള മുഹൂർത്തങ്ങളും സത്യഗ്രഹത്തിന്‍റെ ശക്തിയെ കുറിച്ചുള്ള അവബോധവും പാവനാടകത്തിൽ ദൃശ്യമാകും. കമ്പ രാമായണം ഇതിവൃത്തമാക്കി ദേവി ക്ഷേത്രങ്ങളിലെ കൂത്ത് മാടങ്ങളിൽ ഒതുങ്ങിനിന്ന തോൽപ്പാവകൂത്ത് കലാരൂപത്തെ പുറംലോകത്തെത്തിച്ചതിൽ വലിയ പങ്ക് രാമചന്ദ്ര പുലവർക്കുണ്ട്. 2007ൽ ഗാന്ധി കൂത്ത് എന്ന പേരിൽ അവതരിപ്പിച്ച തോൽപ്പാവ കൂത്തോടെയാണ് ഇദ്ദേഹം പരീക്ഷണത്തിന് തുടക്കമിട്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ 200ലേറെ വേദികളിൽ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. തുടർന്ന് ചണ്ഡാലഭിക്ഷുകി, യേശുദേവന്‍റെ ജീവചരിത്രം പറയുന്ന യേശു കൂത്ത്, അറബിക്കഥകൾ, പഞ്ചതന്ത്രം കഥകൾ, എയ്ഡ്സ്, കോവിഡ് ബോധവത്കരണത്തിനായി ചിട്ടപ്പെടുത്തിയ പാവനാടകം, പെൺ പാവക്കൂത്ത് എന്നിവ ഇദ്ദേഹത്തിന്‍റെ വിജയിച്ച പരീക്ഷണ തോൽപ്പാവ കൂത്ത് കലാരൂപങ്ങളാണ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കഥയാണ് ഗാന്ധികൂത്ത്. ഗാന്ധിജി, നെഹ്‌റു, പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ടാഗോർ, ബാലഗംഗാധര തിലകൻ തുടങ്ങിയ 60ഓളം സ്വാതന്ത്ര്യ സമര മുന്നണി പോരാളികളുടെ തോൽപ്പാവകൾ സ്വാതന്ത്ര്യാമൃതം ഫ്യൂഷൻ പാവക്കൂത്തിലുണ്ട്. രാജീവ് പുലവർ, ലക്ഷ്മൺ, സുജിത്ത് രാജൻ, പ്രക്ഷോഭ്, മനോജ്, വിജയ് കൃഷ്ണ, ആദിത്യൻ എന്നിവർ പാവകളിയുടെ പിന്നണിയിലുണ്ട്. ശനിയാഴ്ച വൈകീട്ട് ആറിന് ചെർപ്പുളശ്ശേരി ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ ആദ്യ അവതരണം നടക്കുമെന്ന് രാമചന്ദ്ര പുലവർ പറഞ്ഞു. pew otp 1 സ്വാതന്ത്ര്യാമൃതം ഫ്യൂഷൻ തോൽപ്പാവകൂത്തിന്റെ അന്തിമ ഘട്ട പരിശീലനത്തിൽ പത്മശ്രീ രാമചന്ദ്ര പുലവരും കുഴൽമന്ദം രാമകൃഷ്ണനും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.