കൂറ്റനാട്: ഒരു വര്‍ഷത്തിനകം തൃത്താലയില്‍ ആയുര്‍വേദ പൈതൃക പാര്‍ക്ക് യാഥാർഥ‍്യമാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാവന്നൂരിലെ അഷ്ടാംഗം ആയുര്‍വേദ കേന്ദ്രത്തില്‍ നടന്ന തൃത്താല ആയുര്‍വേദ പാര്‍ക്ക് ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വേദ പാര്‍ക്കിന് സര്‍ക്കാര്‍ പിന്തുണ നല്‍കും. സംരംഭകരോട് ഇത് സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനം അറിയിക്കാനും പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്താനും തീരുമാനമായി. ഇതിനായി ആയുര്‍വേദ സ്ഥാപന പ്രതിനിധികള്‍, ജില്ല കലക്ടര്‍, കിന്‍ഫ്ര, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വ്യവസായ വകുപ്പ് എന്നിവയെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചു. പദ്ധതി കിന്‍ഫ്ര ഏറ്റെടുത്ത് നടത്തുകയാണെങ്കില്‍ ഭൂമി കണ്ടെത്തി നല്‍കുന്നതിന് സംരംഭകരുടെയും പഞ്ചായത്ത് സംവിധാനങ്ങളുടെയും സഹകരണം ആവശ്യമാണ്. സംരംഭകര്‍ക്ക് കൂടി പങ്കാളിത്തമുള്ള രീതി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ കണ്‍സോര്‍ഷ്യമാണ് പാര്‍ക്ക് നിർമിക്കുന്നതെങ്കില്‍ അതിന് കിന്‍ഫ്ര പാര്‍ക്ക് സ്റ്റാറ്റസ് നല്‍കും. പശ്ചാത്തല സൗകര്യം ഒരുക്കാന്‍ ഏക്കറിന് 30 ലക്ഷം മുതല്‍ മൂന്ന് കോടി വരെ അനുവദിക്കും. അനുമതികള്‍ക്കായി സിംഗിൾ വിൻഡോ സംവിധാനം ഏര്‍പ്പെടുത്തും. വ്യവസായ പാര്‍ക്കിനുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കും. പാര്‍ക്കിന്റെ മാനദണ്ഡങ്ങള്‍ സംരംഭകര്‍ക്ക് തീരുമാനിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. തൃത്താലയുടെ ആയുര്‍വേദ പാരമ്പര്യവും പ്രസക്തിയും ആഗോള തലത്തില്‍ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം ഷാനിബ, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഷറഫുദ്ദീന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ കുഞ്ഞുണ്ണി, ഷാഹിദ, ജനാര്‍ദനന്‍, ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീസ്, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി, ജനറല്‍ മാനേജര്‍, വ്യവസായ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ ആയുര്‍വേദ സ്ഥാപന പ്രതിനിധികളായ നീലകണ്ഠന്‍, കൃഷ്ണദാസ്, സുഗീര, ശ്രീജിത്ത്, പുരുഷോത്തമന്‍, രഞ്ജിത്ത്, ഡോ. മണികണ്ഠന്‍, ഡോ. വിജിത്ത്. ഡോ. വിനോദ്കുമാര്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.