മഞ്ചേരി: കളിപ്പാട്ടത്തിന്റെയും റെഡിമെയ്ഡ് വസ്ത്രവ്യാപാരത്തിന്റെയും മറവില്‍ വന്‍ മയക്കുമരുന്ന് വ്യാപാരം നടത്തിയ കേസിൽ പ്രതിയെ 21 വര്‍ഷം കഠിന തടവിനും 2,10,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കൊണ്ടോട്ടി മുസ്‍ലിയാരങ്ങാടി പാമ്പോടന്‍ ഹാഷിബ് ഷഹീനെയാണ് (31) മഞ്ചേരി എന്‍.ഡി.പി.എസ് കോടതി ജഡ്ജി ടി.ജി വര്‍ഗീസ് ശിക്ഷിച്ചത്.
2020 നവംബര്‍ 22ന് രാത്രി ഏഴരക്ക് പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖും സംഘവും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചേലേമ്പ്ര പഞ്ചായത്ത് ഓഫിസിന് സമീപമുള്ള വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകള്‍ പിടികൂടിയത്. കളിപ്പാട്ടങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയുടെ കച്ചവടത്തിന്റെ മറവില്‍ ഗോവയില്‍നിന്ന് കൊറിയര്‍ സര്‍വിസ് വഴി കടത്തിയ 88.12 ഗ്രാം എം.ഡി.എം.എ, 0.93 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പ്, 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടികൂടിയത്. ഒന്നാം പ്രതി കോഴിക്കോട് പെരുമണ്ണ വള്ളിക്കുന്ന് അല്‍ ഹറമയില്‍ റമീസ് റോഷനും (30) രണ്ടാം പ്രതി പാമ്പോടന്‍ ഹാഷിബ് ഷഹീനും അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം നേടി ഒളിവില്‍ പോകുകയായിരുന്നു.
രണ്ടാം പ്രതി 2026 ജൂലൈ 18ന് സ്വമേധയാ കോടതിയില്‍ കീഴടങ്ങുകയും പെരിന്തല്‍മണ്ണ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയുമായിരുന്നു. കേസിലെ മൂന്നാം പ്രതി ചാവക്കാട് വാടാനപ്പള്ളി മൊയ്തീന്‍ പള്ളി, പുത്തന്‍പുരയില്‍ സക്കീര്‍ ഹുസൈനെ (37) 2024 മേയ് 30ന് ഇതേ കോടതി ശിക്ഷിച്ചിരുന്നു.
പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ ടി. അനില്‍കുമാര്‍, കോഴിക്കോട് എക്‌സൈസ് ക്രൈംബ്രാഞ്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍. ബൈജു എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.