കോട്ടപ്പടി വലിയതോട്
മലപ്പുറം: അടുത്ത മഴക്കാലമെത്താറായിട്ടും അനക്കമില്ലാതെ കോട്ടപ്പടി വലിയതോട് നവീകരണ പ്രവൃത്തി. മഴക്കാലത്ത് വലിയതോടിൽ വെള്ളക്കെട്ട് പ്രതിസന്ധി രൂക്ഷമായതോടെയാണ് നവീകരണം വേഗത്തിലാക്കാൻ ജനകീയ കൂട്ടായ്മ രംഗത്ത് വരികയും പദ്ധതി പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാൽ, പദ്ധതി പാതിവഴിയിൽ നിലച്ചു. തോട് നവീകരണ പ്രവൃത്തികൾക്ക് 2022-23 വർഷത്തെ കേന്ദ്ര നഗരസഞ്ചയം പദ്ധതിയിൽ ഒമ്പത് കോടി രൂപയാണ് നഗരസഭ വകയിരുത്തിയത്.
പൂക്കോട്ടൂർ പിലാക്കൽ മുതൽ വലിയങ്ങാടി കല്ലാപാറ വരെ 8.45 കിലോ മീറ്റർ നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി മച്ചിങ്ങൽ ബൈപ്പാസ് മുതൽ കോട്ടപ്പടി ചെത്ത്പാലം വരെയുള്ള ഭാഗത്ത് സർവേ പൂർത്തിയാക്കിയിരുന്നു. 2024 സെപ്റ്റംബർ 25ന് മച്ചിങ്ങൽ ബൈപ്പാസിന് സമീപത്ത് നിന്നായിരുന്നു സർവേ തുടങ്ങിയത്. മലപ്പുറം വില്ലേജ് പരിധിയിലെ മച്ചിങ്ങൽ ബൈപ്പാസ് ജങ്ഷൻ മുതൽ കോട്ടപ്പടി ചെത്ത് പാലം വരെ ഒക്ടോബർ നാലിനും പാണക്കാട് വില്ലേജ് പരിധിയിൽപ്പെട്ട കോട്ടപ്പടി ചെത്ത് പാലം മുതൽ ഹാജിയാർപള്ളി കടലുണ്ടിപുഴ വരെ ഒക്ടോബർ 10നുമാണ് സർവേ പൂർത്തിയായത്.
മഴ പെയ്താൽ വലിയതോടും പരിസരവും വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് തോട് നവീകരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ഉയർന്നത്. തോട് കടന്ന് പോകുന്ന ഭാഗത്തെ ജനപ്രതിനിധികൾ അടക്കം ഉൾപ്പെട്ട ജനകീയ ആക്ഷൻ കമ്മിറ്റി ഇതിനായി രംഗത്ത് വന്നു.
2025 ജൂലൈ അവസാനത്തിൽ പെയ്ത കനത്ത മഴയിലും സ്ഥിതി ഗുരുതരമായിരുന്നു. ഘട്ടം ഘട്ടമായി നടപ്പാക്കാനായിരുന്നു നീക്കം. ആദ്യം കോട്ടപ്പടി ചെത്ത് പാലം ഭാഗത്ത് നിന്നായിരുന്നു തുടങ്ങേണ്ടിയിരുന്നത്. രണ്ടാംഘട്ടത്തിൽ കോട്ടപ്പടി ചെത്ത് പാലം മുതൽ വലിയങ്ങാടി കല്ലാപാറ വരെയാണ് പരിഗണിച്ചിരുന്നത്. എന്നാൽ, ഒരു നടപടികൾക്കും ഇതുവരെയും തുടക്കമിടാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
ജൂണിൽ മഴയെത്തുന്നതോടെ തോട് നിറഞ്ഞൊഴുകുന്നതിനും സമീപത്തെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്നതിനും ഇത് വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.