മേൽമുറി അധികാരിത്തൊടി ജി.എം.യു.പി സ്കൂൾ കെട്ടിടം
മലപ്പുറം: പതിറ്റാണ്ടുകളായി വാടകക്കെട്ടിടത്തിൽ കഴിയുന്ന അധികാരിത്തൊടിയിലെ ജി.എം.യു.പി സ്കൂൾ മേൽമുറിക്കായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ. നഗരസഭയിലെ ഏക സർക്കാർ യു.പി സ്കൂളാണിത്. സ്ഥലം ഏറ്റെടുക്കാൻ മലപ്പുറം നഗരസഭ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ 1.74 കോടി വകയിരുത്തിയിരുന്നു.
നിർദിഷ്ട പദ്ധതി പ്രകാരമുള്ള കെട്ടിടങ്ങളിൽ ഒന്ന്
ഇതിന് അടുത്ത ദിവസം ഡി.പി.സി അംഗീകാരമാകുമെന്നാണ് പ്രതീക്ഷ. നാട്ടുകാർ രണ്ടേകാൽ കോടി രൂപക്കാണ് കാവുമ്പുറം ഭാഗത്ത് 1.62 ഏക്കർ കണ്ടെത്തുകയും ആദ്യഘട്ട തുക സ്വന്തം നിലക്ക് കൈമാറുകയും ചെയ്തിരുന്നത്. നഗരസഭ അനുവദിക്കുന്ന 1.74 കോടി രൂപക്ക് പുറമെയുള്ള സംഖ്യ നാട്ടുകാർ കണ്ടെത്തണം.
1928ല്‍ സ്ഥാപിതമായ വിദ്യാലയത്തിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ 1100 ഓളം കുട്ടികൾ പഠിക്കുന്നു. സ്കൂളിന്റെ മൂന്നു കെട്ടിടങ്ങൾ മൂന്നിടത്തായാണുള്ളത്. ഒരു ബ്ലോക്കിൽനിന്ന് മറ്റൊന്നിലേക്ക് പോകാൻ കുരുന്നുകൾക്ക് റോഡ് മുറിച്ചുകടക്കണം. പ്രധാന ബ്ലോക്കിൽനിന്ന് 300 മീറ്റർ അകലെയാണ് സ്ഥിരം കെട്ടിടമുള്ളത്. ഉച്ചഭക്ഷണത്തിനായി കുട്ടികൾ അടുത്ത ബ്ലോക്കിലേക്ക് പോകണം. അസംബ്ലി ഒരുമിച്ച് നടത്താൻ കഴിയാറില്ല. അധ്യയന കാര്യങ്ങളിലും ഏകോപനം ഏറെ പ്രയാസമാണ്.
വാടകക്കെട്ടിടമായത് കൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. ലാബ്, ലൈബ്രറി, അടുക്കള, ശൗചാലയം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏറെ പരിമിതം. പി.ടി.എയുടെ നേതൃത്വത്തിൽ നാട്ടുകാരിൽനിന്ന് പിരിവെടുത്താണ് വരാന്തയും സ്റ്റാഫ് റൂമും ടൈൽ വിരിച്ചത്.
സ്റ്റേജ് ഉണ്ടാക്കിയതും പി.ടി.എ തന്നെ. വാടകക്കെട്ടിടമായതിനാൽ സർക്കാറിന്റെ ഒരു ഫണ്ടും ഈ പൊതുവിദ്യാലയത്തിന് ലഭിക്കില്ല. എല്ലാ പ്രതിസന്ധികൾക്കിടയിലും സ്കൂൾ മികച്ച അക്കാദമിക നിലവാരം പുലർത്തുന്നത് കൊണ്ട് കുട്ടികൾ ഇവിടെ ചേരുന്നതിൽ കുറവില്ല.
സ്കൂളിന്റെ സമഗ്ര വികസനത്തിന് 2021ൽ സ്കൂള്‍ വികസന സമിതി വിശദ രൂപരേഖ തയാറാക്കിയിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റുക ആയിരുന്നു ലക്ഷ്യം. 20 കോടി രൂപയുടെ ഹൈടക് സ്കൂൾ പദ്ധതിക്കുള്ള ഈ രൂപരേഖ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, പി. ഉബൈദുല്ല എം.എല്‍.എക്ക് നല്കി 2021ൽ പ്രകാശനം ചെയ്തിരുന്നു.
സെന്റിന് ഒന്നര ലക്ഷം കൊടുത്താണ് സ്ഥലം ഉറപ്പിച്ചത്. എന്നാൽ, സാങ്കേതിക നൂലാമാലകളിൽ കുടുങ്ങി സ്ഥലം ഏറ്റെടുക്കൽ വൈകിയതോടെ പദ്ധതിയും വൈകി. റവന്യൂ വകുപ്പ് നടത്തിയ വിലനിർണയത്തിൽ 15,000 രൂപ മാത്രമാണ് സെന്റിന് കണ്ടത്. തഹസിൽദാറുടെ വിലനിർണയത്തിലെ തുക മാത്രമേ നഗരസഭക്ക് നൽകാനാവൂ എന്നതാണ് നിയമം. വീണ്ടും വിലനിർണയത്തിന് അപേക്ഷികുകയും കഴിഞ്ഞ ഫെബ്രുവരിൽ പുതുക്കി വിലനിർണയിച്ച് തരികയും ചെയ്തു.
സെന്റിന് 83,000 രൂപയാണ് റവന്യൂ വകുപ്പ് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ സ്ഥലം ഏറ്റെടുക്കാനുള്ള പദ്ധതി തയാറാക്കിയത്. വിശാല കളിസ്ഥലം അടക്കം, മുഴുവൻ കുട്ടികൾക്കും ഒരിടത്ത് തന്നെ പഠിക്കാവുന്ന ഹൈടക് രീതിയിലാണ് സ്കൂൾ വിഭാവനം ചെയ്യുന്നതെന്ന് സ്കൂൾ വികസന സമിതി ചെയർമാൻ ഷമീർ കപ്പൂർ പറഞ്ഞു.
മുൻ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് കിഫ്ബിയിൽനിന്ന് 1.3 കോടി രൂപ കെട്ടിടത്തിന് അനുവദിച്ചത് ഉണ്ട്. മറ്റു ഫണ്ടുകൾ കൂടി ലഭിച്ചാൽ പദ്ധതി രൂപരേഖ പ്രകാരം കെട്ടിടം പണിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അധികാരിത്തൊടി സ്കൂളിന് കണ്ടെത്തിയ സ്ഥലം വാങ്ങാനുള്ള പദ്ധതിക്ക് ഡി.പി.സി അംഗീകാരം ഉടൻ ലഭിക്കുമെന്നും അംഗീകാരമായാൽ സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്നും മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു. സ്കൂളിനായി വികസന സമിതി തയാറാക്കിയ പദ്ധതി അനുസരിച്ച് തന്നെ അന്താരാഷ്ട്ര നിലവാരത്തിൽ കെട്ടിടം യാഥാർഥ്യമാക്കും. ആദ്യഘട്ടത്തിൽ കെട്ടിട നിർമാണത്തിന് നഗരസഭ ഫണ്ട് വകയിരുത്തും.
കേന്ദ്ര സ്കീമുകൾ പ്രകാരമുള്ള ഫണ്ടിനായി പദ്ധതി സമർപ്പിക്കും. മേൽമുറി സെൻട്രൽ ജി.എം.എൽ.പി സ്കൂളിനായി അന്താരാഷ്ട്ര നിലവാരത്തിലാണ് കെട്ടിടം ഒരുക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ ഇത് ഉദ്ഘാടനത്തിന് സജ്ജമാകും. കോൽമണ്ണ സ്കൂളിന് കണ്ടെത്തിയ സ്ഥലത്തിന്റെ വിലനിർണയം നടക്കുകയാണെന്നും സ്ഥലം വൈകാതെ ഏറ്റെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.