പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഒരു മാസം അടച്ചിട്ട ഡയാലിസിസ് കേന്ദ്രം അണുമുക്തമാക്കിയ ശേഷം തുറന്നപ്പോൾ
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ ഡയാലിസിസ് പുനരാരംഭിച്ചു. ഉപയോഗിക്കുന്ന വെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമാവുന്ന ഘടകങ്ങൾ കണ്ടെത്തിയതോടെ ഡയാലിസിസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഒരു മാസത്തോളം കേന്ദ്രം അടച്ചിടേണ്ടിവന്നു.
ഡയാലിസിസിനുള്ള വെള്ളം നിശ്ചിത ഇടവേളകളിൽ നടത്തിയ പരിശോധനയിലാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടാവുന്ന ഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.
വെള്ളമെടുക്കുന്ന കിണറ്റിലും ആശുപത്രി ടാങ്കുകളിലും ജലശുദ്ധീകരണം നടത്തി വീണ്ടും പരിശോധിച്ചപ്പോഴും ജല അതോറിറ്റിയുടെ വാട്ടർ കണക്ഷനെടുത്ത് വെള്ളം പരിശോധിച്ചപ്പോഴും ഫലം തൃപ്തികരമായിരുന്നില്ല. വീണ്ടും ജലശുദ്ധീകരണം നടത്തി സാമ്പിൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ലാബിലേക്ക് അയച്ച് അനുകൂല ഫലം വന്ന ശേഷമാണ് ഡയാലിസിസ് തുടങ്ങിയത്.
2021ലാണ് ഡയാലിസിസ് സെന്റർ പൂർണാർഥത്തിൽ പ്രവർത്തനം തുടങ്ങുന്നത്. 15,000ന് മുകളിൽ ഡയാലിസിസ് ഇതിനകം നടത്തി. ആകെയുള്ള നാലു ഡയാലിസിസ് ടെക്നീഷ്യന്മാരും ദിവസവേതനക്കാരാണ്. എട്ട് മെഷീനുകളിൽ രണ്ട് ഷിഫ്റ്റ് വീതമാണ് ഡയാലിസിസ്. അപേക്ഷ വാങ്ങി പരമാവധി നിർധനരെയാണ് പരിഗണിക്കാറ്.
സർക്കാർ ആവശ്യമായ തസ്തിക സൃഷ്ടിക്കുകയോ വേതനം നൽകാൻ ഫണ്ട് അനുവദിക്കുകയോ ചെയ്യണമെന്നാണ് രോഗികളുടെ ആവശ്യം. ഇവിടെ നെഫ്രോളജി വിഭാഗം ഡോക്ടർ ഇല്ല. സംസ്ഥാനത്ത് സൂപ്പർ സ്പെഷാലിറ്റിയിൽ അടക്കം 204 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിച്ചപ്പോൾ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഒരാളെ പോലും നിയമിക്കാതെ അവഗണിക്കുകയായിരുന്നുവെന്നും രോഗികളുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.