പ്രതീകാത്മക ചിത്രം
എടപ്പറ്റ: എല്ലാ കാലത്തും യു.ഡി.എഫിനെ തുണച്ച രാഷ്ട്രീയ പാരമ്പര്യമുള്ള മണ്ണും പ്രാദേശികമായി യു.ഡി.എഫിൽ രാഷ്ട്രീയ കോളിളക്കങ്ങളുണ്ടായ പഞ്ചായത്തുമാണ് എടപ്പറ്റ. കോട്ട കാക്കാൻ യു.ഡി.എഫും പിടിച്ചെടുക്കാൻ സി.പി.എമ്മും തെരഞ്ഞെടുപ്പ് ഗോദയിൽ വാശിയേറിയ പ്രചാരണത്തിലാണ്. മറ്റു പാർട്ടികളെ അപേക്ഷിച്ച് കോൺഗ്രസിന് ഏറെ വേരോട്ടമുള്ള നാടാണിത്. 1962ൽ പഞ്ചായത്ത് രൂപവത്കൃതമായതിന് ശേഷം ഒമ്പതര വർഷക്കാലം മാത്രമാണ് ഇടതുമുന്നണി ഭരിച്ചത്. ബാക്കിയുള്ള ദീർഘമായ കാലം യു.ഡി.എഫ് അധികാരത്തിലിരുന്നു.
മുന്നണി സംവിധാനവും പാർട്ടികളും കൈകോർത്തു നിന്നാൽ എൽ.ഡി.എഫ് അപ്രസക്തമാകുന്ന പഞ്ചായത്തിൽ ഇത്തവണയും യു.ഡി.എഫിൽ അസ്വാരാസ്യങ്ങളുണ്ട്. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കളുൾപ്പെടെ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവെച്ചത് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. മണ്ഡലം കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ഉൾപ്പെടെ ഏഴ് പേരാണ് പ്രധാന സ്ഥാനങ്ങളിൽനിന്ന് ഒഴിഞ്ഞത്. അതേസമയം, സ്ഥാനാർഥികളും അണികളും പ്രചാരണത്തിൽ സജീവമായി രംഗത്തുണ്ട്. എൽ.ഡി.എഫ് സംവിധാനമില്ലാത്തതിനാൽ ഇത്തവണ സി.പി.എമ്മിനെതിരെ സി.പി.ഐ രംഗത്തുണ്ട്.
സി.പി.ഐക്ക് സീറ്റുകൾ വേണമെന്ന ആവശ്യവുമായി ജില്ല കമ്മിറ്റിവരെ ചർച്ചകൾ നടന്നെങ്കിലും രമ്യതയിലെത്തിയില്ല. ഇതോടെ, ഓലപ്പാറ 14ാം വാർഡിൽ സി.പി.ഐ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തി സജീവമായി രംഗത്തുണ്ട്. ആഞ്ഞിലങ്ങാടി ബ്ലോക്ക് ഡിവിഷനിലും സി.പി.ഐയും സി.പി.എമ്മും നേർക്കുനേർ മത്സരിക്കുന്നുണ്ട്. യു.ഡി.എഫിനുവേണ്ടി കോൺഗ്രസിൽ നിന്ന് എട്ടു പേരും മുസ്‍ലിം ലീഗ് സ്ഥാനാർഥികളായി ഏഴ് പേരും സ്വതന്ത്രരായി രണ്ടു പേരുമാണ് രംഗത്തുള്ളത്. എൽ.ഡി.എഫിന് വേണ്ടി 12 പേർ പാർട്ടി ചിഹ്നത്തിലും അഞ്ചു പേർ സ്വതന്ത്രരുമായാണ് രംഗത്തുള്ളത്. വെൽഫെയർ പാർട്ടി രണ്ട് വാർഡിലും ബി.ജെ.പി ഒരു വാർഡിലും മത്സരിക്കുന്നു. 15 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ വാർഡ് വിഭജനത്തോടെ 17 എണ്ണമായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.