മക്കരപ്പറമ്പ് ടൗണിലെ ഗതാഗതക്കുരുക്ക്
മക്കരപ്പറമ്പ്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മക്കരപ്പറമ്പിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് പരിഹാരമില്ലാതെ തുടരുന്നു. ടൗൺ വികസനവും ബൈപാസ് റോഡും നേരത്തെ ചർച്ചയിൽ വന്നിരുന്നെങ്കിലും ഇപ്പോൾ ഒന്നും നടക്കാത്ത അവസ്ഥയാണ്. അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂലം നാട്ടുകാരും വ്യാപാരികളും മറ്റു യാത്രക്കാരും ദുരിതത്തിലാണ്.
മങ്കടയിലേക്കും കുറുവയിലേക്കും തിരിയുന്ന റോഡുകളിൽ നിന്നും വാഹനങ്ങൾ വരുമ്പോഴും പോകുമ്പോഴും ചെറിയ തടസ്സങ്ങൾ പോലും ദീർഘനേരത്തെ ഗതാഗതക്കുരുക്കിന് തടസ്സമാകുന്നു. കോഴിക്കോട്-പാലക്കാട് റൂട്ടിൽ വലിയ ടാങ്കറുകളും ചരക്കുലോറികളും ബസുകളുമടക്കം നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.
എന്നാൽ ഇതിനനുസൃതമായ പരിഗണന ഈ റോഡിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. വർഷങ്ങൾക്കുമുമ്പ് നിരന്തര അപകടമേഖലയായ കാച്ചിനിക്കാട് വളവിനും ടൗണിലെ ഗതാഗതക്കുരുക്കിനും പരിഹാരമായി നിർദേശിച്ചിരുന്ന ബൈപ്പാസ് റോഡ് പ്രാരംഭ ചർച്ചകൾ നടന്നെങ്കിലും പിന്നീട് വന്ന പുതിയ ദേശീയപാത പദ്ധതി പ്രകാരം ഈ റോഡ് ഒഴിവാക്കപ്പെടുകയും ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ച പദ്ധതികൾ നിർജീവമാവുകയും റോഡ് അവഗണനയിലേക്ക് തള്ളപ്പെടുകയുമാണ് ഉണ്ടായത്. മക്കരപ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ നിരവധി സ്കൂളുകളുള്ള പാതയിൽ ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലേക്ക് പോകുന്ന ആംബുലൻസുകൾ അടക്കം വാഹനങ്ങൾ സദാസമയവും ചീറിപ്പായുന്നുണ്ട്. റോഡിന്റെ പ്രാധാന്യം പരിഗണിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.