മലപ്പുറം: വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം കാരണമായുള്ള അപകടങ്ങൾ സമീപകാലത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള നിരവധി വാഹനാപകട വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി ഓടുന്നുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഫോൺ ഉപയോഗിച്ച് യാത്രചെയ്ത ബുള്ളറ്റ് യാത്രികൻ ബൈക്കിന്റെ സൈലൻസർ ഊരിപ്പോയിട്ടുപോലും അറിഞ്ഞില്ല.
സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾപ്രകാരം മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹനം ഓടിക്കുമ്പോൾ മൊബെൽ ഉപയോഗിക്കുന്നവരുടെ എണ്ണവും അതുമൂലമുള്ള അപകടങ്ങളും വർധിക്കുന്നതായാണ് സൂചന. മൂന്നു വർഷത്തിനിടെ 201 അപകട കേസുകളാണ് സംസ്ഥാനത്ത് മൊബെൽ ഫോൺ ഉപയോഗം മൂലം റിപ്പോർട്ട് ചെയ്തത്. 2022 മുതൽ 2024 വരെയുള്ള കണക്കുകൾപ്രകാരം സംസ്ഥാനത്ത് 11 പേർക്ക് മൊബൈൽ ഫോൺ ഉപയോഗം കാരണമായ അപകടത്തിലൂടെ ജീവൻ നഷ്ടമായിട്ടുണ്ട്. വിവിധ അപകടങ്ങളിലായി 214 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിൽ ഭൂരിഭാഗം പേരുടെയും പരിക്ക് ഗുരുതരമാണെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. 2021ൽ മൊബെൽ ഫോൺ ഉപയോഗിച്ചപ്പോഴുണ്ടായ വാഹനാപകടങ്ങൾ 12 എണ്ണം മാത്രമാണ്. ഇവയിൽ ആരും മരിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, ഈ കണക്കിലും ഏറെ അധികമാണ് ഫോൺ ഉപയോഗിച്ചുള്ള അപകടങ്ങൾ എന്നതാണ് യാഥാർഥ്യം. അപകടസമയത്ത് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നോ എന്നത് പല കേസുകളിലും കണ്ടെത്താറില്ല. വാഹനം ഓടിക്കുന്നവർ മാത്രമല്ല, അലസമായി മൊബൈൽ ഫോൺ ഉപയോഗിച്ച് സഞ്ചരിക്കുന്ന കാൽനടക്കാരും അപകടം വിളിച്ചുവരുത്തുന്നുണ്ട്. നിരത്തുകളിലെ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ പൊലീസും എം.വി.ഡിയും നിരന്തരം ബോധവത്കരണം നടത്തിയിട്ടും പലരും ഇത് ഗൗനിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.