ബിജോയ്
റാണ
പാണ്ടിക്കാട്: കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. പശ്ചിമ ബംഗാൾ സ്വദേശി ബിജോയ് റാണ (44) ആണ് പെരിന്തൽമണ്ണ കോടതി മുമ്പാകെ കീഴടങ്ങിയത്. ബിജോയ് റാണയുടെ സഹോദരനും മറ്റൊരു പ്രതിയുമായ പശ്ചിമ ബംഗാൾ സ്വദേശി സഞ്ജയ് റാണയെ (33) പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി. പ്രകാശനും സംഘവും ഒഡിഷയിലെത്തി പിടികൂടി മേയ് 11ന് അറസ്റ്റ് ചെയ്തിരുന്നു.
കിഴക്കേ പാണ്ടിക്കാട് സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലിറങ്ങി ഒഡിഷയിലേക്ക് മുങ്ങുകയായിരുന്നു. 2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം. കിഴക്കേ പാണ്ടിക്കാട് അങ്ങാടിയിൽ സ്റ്റേഷനറി കച്ചവടം നടത്തിയിരുന്ന പേർക്കുത്ത് മുഹമ്മദിനെ പണം ലക്ഷ്യമിട്ട് ഇതര സംസ്ഥാന തൊഴിലാളികളും സഹോദരങ്ങളുമായ ബിജോയ് റാണയും സഞ്ജയ് റാണയും കൊലപ്പെടുത്തുകയായിരുന്നു. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദിനെ തലക്കടിച്ചും കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയത്. തുടർന്ന് സ്വദേശമായ പശ്ചിമ ബംഗാളിലേക്ക് ഇരുവരും മുങ്ങി. അന്ന് പശ്ചിമ ബംഗാളിലെത്തി പാണ്ടിക്കാട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് 2014ൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികൾ കുടുംബവുമൊത്ത് ഒഡിഷയിലേക്ക് താമസം മാറ്റി. വ്യാജ ആധാർ കാർഡുണ്ടാക്കി മറ്റൊരു പേരിലാണ് ഒഡിഷയിൽ താമസിച്ചുവന്നിരുന്നത്. അന്വേഷണത്തിൽ ഇത് മനസ്സിലാക്കിയ പൊലീസ് ഇവരുടെ വീട്ടിലെത്തിയാണ് സഞ്ജയ് റാണയെ അറസ്റ്റ് ചെയ്തത്. അന്ന് സഹോദരൻ ബിജോയ് റാണ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങിയത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി അബ്ദുൽ ലത്തീഫിന്റെ നിർദേശപ്രകാരം പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി. പ്രകാശൻ, എ.എസ്.ഐ അനൂപ്, ഉദ്യോഗസ്ഥരായ ധനീഷ്, ജിജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.