റസാഖും കുടുംബവും വീട്ടിലെ തോട്ടത്തിൽ
പരപ്പനങ്ങാടി: നാടിന്റെ ജൈവസമ്പത്തിന് കാവലായി പരപ്പനങ്ങാടിയിലൊരു കുടുംബം. സംസ്ഥാന സർക്കാറിന്റെ കർഷകമിത്ര അവാർഡും ഗുജറാത്ത് സർക്കാറിന്റെ പ്രത്യേക കർഷകാദരവും ഏറ്റുവാങ്ങിയ പരപ്പനങ്ങാടി ‘ഹെർബൽ ഗാർഡനി’ലെ മുല്ലേപ്പാട്ട് അബ്ദുറസാഖിന്റെ കുടുംബമാണ് വേറിട്ട മാതൃക തീർക്കുന്നത്.
ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അബ്ദുറസാഖ് സ്വന്തം പുരയിടത്തോടു ചേർന്ന അര ഏക്കർ ഭൂമിയിൽ കാൽനൂറ്റാണ്ട് മുമ്പ് തുടക്കമിട്ട ഔഷധ ഉദ്യാനമാണിന്ന് ജൈവവൈവിധ്യങ്ങളുടെ പൂങ്കാവനമായി മാറിയത്. അബ്ദുറസാഖും ഭാര്യ സാബിറ റിഫയും വിത്തുപാകിയ ഈ ജൈവ കാർഷിക ഭൂമി മക്കളും മരുമക്കളും തൊഴിലാളികളും ചേർന്നൊരു ജൈവപ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു.
വംശനാശം സംഭവിക്കുന്ന അനേകം ജീവികളെയും സസ്യങ്ങളെയും ചേർത്തുപിടിച്ച ഈ കർഷകകുടുംബം നാട്ടിലുടനീളം യാത്രചെയ്ത് വിവിധ കാർഷിക കൂട്ടായ്മകൾക്ക് രൂപം നൽകുകയും ചെയ്തു. സംസ്ഥാന സർക്കാറിന്റെ കർഷകമിത്ര അവാർഡിനോടൊപ്പം കിട്ടിയ അരലക്ഷം രൂപകൊണ്ട് ബോധവത്കരണ ക്ലാസെടുക്കാൻ പോകുന്ന വേദികളിലും ഹെർബൽ ഗാർഡൻ സന്ദർശിക്കാനെത്തുന്ന വിദ്യാർഥി കൂട്ടായ്മകൾക്കും വിത്തുകളും ചെടികളും സൗജന്യമായി സമ്മാനിച്ച് ഇവർ നാടിന്റെ പച്ചപ്പ് കാത്തുപോരുകയും ചെയ്യുന്നു. കുറ്റിയറ്റുപോകുന്ന ഏകനായകം, കക്ക്, പുളിവെണ്ട, കസ്തൂരിവെണ്ട, ഞൊട്ട നൊടിയൻ, അടതാപ്പ്, തുമ്പ, തിരുതാളി, ബ്രഹ്മി, വയമ്പ്, വാതക്കൊല്ലി, കീഴാർനെല്ലി തുടങ്ങിയ നൂറുകണക്കിന് ഔഷധച്ചെടികളുടെയും വിവിധ ഇനം മുളകളുടെയും സവിശേഷതകളറിയാനും സ്വന്തമാക്കാനും വിദ്യാർഥികളുൾപ്പെടെ നിരവധി സംഘങ്ങൾ ഹെർബൽ ഗാർഡനിലെ നിത്യസന്ദർശകരാണ്.
വെച്ചൂർ പശു, പലയിനം അലങ്കാര കോഴികൾ, താറാവുകൾ, മുയലുകൾ, മീനുകൾ, തവളകൾ, തേനീച്ചക്കൂടുകൾ മുതൽ മണ്ണിരയും കുഴിയാനകളും വരെ ഈ വീടിനു ചുറ്റും വൈവിധ്യങ്ങളുടെ മനോഹരക്കാഴ്ചകളായി സന്തോഷം പങ്കിട്ട് ജീവിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.