ചേലേമ്പ്ര പുല്ലിപ്പുഴയിൽ മത്സ്യബന്ധനത്തിനെത്തിയവർ ഉപേക്ഷിച്ചതെന്ന് കരുതുന്ന ആയുധങ്ങളും ബാറ്ററിയും വസ്ത്രങ്ങളും
ചേലേമ്പ്ര: പുല്ലിപ്പുഴയിൽ വിഷം കലക്കി മീൻ പിടിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. രക്ഷപ്പെടുന്നതിനിടെ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷയും എടവണ്ണ സ്വദേശിയായ ഡ്രൈവറെയും രാമനാട്ടുകരയിൽ നാട്ടുകാർ പിന്തുടർന്ന് പിടികൂടി ഫറോക്ക് പൊലീസിന് കൈമാറി.
ആറംഗ സംഘം പുഴ നീന്തിക്കടന്നും മറ്റും രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. അരിവാൾകത്തി, കൊടുവാൾ, ബാറ്ററി, ഇരുമ്പുകമ്പി കൊണ്ടുണ്ടാക്കിയ കൊളുത്തുകൾ എന്നിവ പുഴവക്കിൽനിന്ന് കണ്ടെടുത്തു. വല കൊണ്ട് തടയണ കെട്ടിയാണ് സംഘം മീൻപിടിച്ചിരുന്നത്. രാത്രി രണ്ടരയോടെയാണ് സംഘത്തെ നാട്ടുകാർ കണ്ടത്. കേസ് ഫറോക്ക് പൊലീസ് തേഞ്ഞിപ്പലം പൊലീസിന് കൈമാറി. പുല്ലിപ്പുഴയുടെ ഫറോക്ക് കരയിലൂടെയാണ് സംഘം മീൻ പിടിക്കാനെത്തിയത്.
വിഷം കലക്കിയത് കാരണം പുല്ലിപ്പുഴയിലെ അയ്യപ്പൻകാവ് മുതൽ പുല്ലിക്കടവ്, അയ്യമ്പാക്കി, കല്ലമ്പാറ വരെ മത്സ്യങ്ങൾ ചത്തുപൊങ്ങിയിട്ടുണ്ട്. മുമ്പും വിഷം കലക്കി മീൻ പിടിക്കൽ പതിവായിരുന്നു. ഫറോക്ക്, തേഞ്ഞിപ്പലം സ്‌റ്റേഷനുകളിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ പൈങ്ങോട്ടൂർ, അംഗങ്ങളായ പി. അൻവർ, മനോജ് കോതേരി എന്നിവർ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.