നോക്കുകുത്തിയായി തിരൂരിലെ പാലങ്ങള്‍

തിരൂര്‍: ഏറെ പ്രതീക്ഷയോടെ പ്രദേശവാസികള്‍ നോക്കിക്കണ്ട തിരൂരിലെ പാലങ്ങള്‍ നോക്കുകുത്തിയായിട്ട് വര്‍ഷം മൂന്ന് പിന്നിട്ടു. അപ്രോച്ച് റോഡ് പണി പൂര്‍ത്തിയാവാത്തതാണ് മൂന്നുവര്‍ഷം പിന്നിട്ടിട്ടും തിരൂരിലെ രണ്ട് പ്രധാന പാലങ്ങള്‍ നോക്കുകുത്തിയായി മാറാന്‍ കാരണം. താഴെപ്പാലം, സിറ്റി ജങ്ഷന്‍ എന്നിവിടങ്ങളിലെ പ്രവൃത്തി പൂര്‍ത്തിയായ പാലങ്ങളാണ് അപ്രോച്ച് റോഡ് ഒരുക്കാത്തത് മൂലം ഉപയോഗശൂന്യമായത്. കൂടാതെ, പൊലീസ് ലൈന്‍-പൊന്മുണ്ടം ബൈപാസ് റോഡിലെ മുത്തൂര്‍ പാലവും എവിടെയുമെത്താതെ നില്‍ക്കുകയയാണ്. ഈ പദ്ധതി തന്നെ ഇപ്പോള്‍ നിലച്ച മട്ടിലാണ്. പ്രതിഷേധങ്ങളും വ്യത്യസ്ത സമരങ്ങളും പാലത്തിനായി ഇതിനകം നടന്നുകഴിഞ്ഞു. ഒടുവില്‍ താഴെപ്പാലത്തെ പുതിയ പാലത്തിന് മുകളില്‍ മനുഷ്യക്കോലത്തില്‍ പാലത്തിെൻറ ആത്മഹത്യക്കുറിപ്പുമായുള്ള പ്രതിഷേധവും പ്രതിഷേധ ഗാനവും അരങ്ങേറി. എന്നിട്ടും അധികാരികള്‍ക്ക് കുലുക്കമില്ല. പരസ്പരം പഴിചാരല്‍ മാത്രമാണ് ബാക്കി.

ഗതാഗതക്കുരുക്കിന് പരിഹാരം മാത്രമല്ല, വന്‍ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാമെന്ന ആശങ്കയും മുന്‍കൂട്ടി കണ്ടാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് തിരൂര്‍ താഴെപ്പാലത്ത് പുതിയ പാലവും സിറ്റി ജങ്ഷനില്‍ റെയിൽവേ മേല്‍പാലത്തിെൻറയും പ്രവൃത്തി ആരംഭിച്ചത്. രണ്ട് പ്രവൃത്തിയും മൂന്ന് വര്‍ഷം മുമ്പുതന്നെ പൂര്‍ത്തിയാക്കാനും അധികൃതര്‍ക്ക് കഴിഞ്ഞു. എന്നാല്‍, രണ്ട് പാലങ്ങള്‍ക്കും വേണ്ട അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പിന്നീട് പദ്ധതികള്‍ക്ക് വിനയായത്. വിഷയം നിയമസഭയിലും കലക്ടര്‍ക്ക്​ മുന്നിലും എത്തിയെങ്കിലും ഇന്ന് തുടങ്ങും നാളെ തുടങ്ങും എന്ന് പറയുന്നതല്ലാതെ എന്ന് തുടങ്ങും എന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇപ്പോഴും ഉത്തരമില്ല.

കാലപ്പഴക്കം കൊണ്ട് ഇവിടങ്ങളിലെ പഴയ പാലങ്ങൾ അപകടാവസ്ഥയിലാണ്. ഒരുവര്‍ഷം മുമ്പ് സിറ്റി ജങ്ഷനിലെ റെയിൽവേ മേല്‍പാലത്തിൽ കുഴി രൂപപ്പെട്ടിരുന്നു. അന്ന് തലനാരിഴക്കാണ് യാത്രക്കാര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. കുഴി താല്‍ക്കാലികമായി പരിഹരിച്ചെങ്കിലും ഇതുപോലെയുള്ള അപകടങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട്. തിരൂര്‍ പുഴക്ക് മുകളിലൂടെയുള്ള താഴെപ്പാലം പാലത്തിലൂടെയുള്ള യാത്രയും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. 

News Summary - Tirur Bridge issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.