വളാഞ്ചേരി ടൗണിൽ പട്ടാമ്പി റോഡിൽ കഴിഞ്ഞ ദിവസം കാറിടിച്ച് തകർന്ന കോൺക്രീറ്റ് ഡിവൈഡർ
കോൺക്രീറ്റ് ഡിവൈഡർ അപകടം വിതക്കുന്നു
വളാഞ്ചേരി: പെരിന്തൽമണ്ണ, പട്ടാമ്പി റോഡുകളിലായി വളാഞ്ചേരി ടൗണിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറുകൾ ദീർഘദൂര വാഹനങ്ങൾക്ക് അപകട ഭീഷണിയാവുന്നു. രാത്രികാലങ്ങളിൽ ഈ ഡിവൈഡറുകളിൽ വാഹനങ്ങൾ ഇടിക്കുന്നത്. ഏറ്റവും കൂടുതൽ വാഹനങ്ങൾ ഇടിച്ച് തെറിപ്പിക്കുന്നത് പട്ടാമ്പി റോഡിലെ ഡിവൈഡറിലാണ്. കഴിഞ്ഞ ദിവസം കാർ ഇടിച്ച് ഡിവൈഡറിന്റെ ഒരു ഭാഗം തകർന്നിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
ആഴ്ചകൾക്ക് മുൻപും സമാന രീതിയിൽ അപകടമുണ്ടായിരുന്നു. രാത്രി പട്ടാമ്പി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽ ഡിവൈഡർ പെടില്ല. എതിരെ വരുന്ന വാഹനങ്ങളിലെ വെളിച്ചവുംകൂടി ചേരുമ്പോൾ അപകട സാധ്യത കൂട്ടുന്നു. ദേശീയപാത ആറുവരിയായി വികസിച്ചതോടുകൂടി കോയമ്പത്തൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ധാരാളം വാഹനങ്ങൾ വളാഞ്ചേരിയിൽ കൂടിയാണ് കോഴിക്കോട്ടേക്ക് പോവുന്നത്.
ഒട്ടനവധി ചരക്കുലോറികളും രാത്രി ഇതുവഴി കടന്നുപോകുന്നുണ്ട്. വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കുന്ന കോൺക്രീറ്റ് മീഡിയനുകൾ വിവിധ സന്നദ്ധ പ്രവർത്തകർ ചേർന്ന് പൂർവസ്ഥിതിയിലാക്കി വെക്കുന്നതിനാലാണ് തുടർ അപകടസാധ്യത ഉണ്ടാവാത്തത്. കോൺക്രീറ്റ് ഡിവൈഡർ മാറ്റി ഇരുമ്പുകുഴൽ ഡിവൈഡർ സ്ഥാപിക്കുകയും ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ മുന്നറിയിപ്പും ബോർഡുകളും സ്ഥാപിക്കണമെന്നാവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.