കത്തി നശിച്ച കുമാരമംഗലത്ത് സുബ്രഹ്മണ്യന്റെ വീട്ടിലെ ഫർണിച്ചറുകൾ
കൂരിപ്പൊയിലിൽ ഫ്രിഡ്ജിൽനിന്ന് തീ പടർന്ന് വീടിന് നാശം
കാളികാവ്: കൂരിപ്പൊയിലിൽ വീടിന് തീപിടിച്ച് വൻനാശനഷ്ടം. ഫ്രിഡ്ജിൽ നിന്നുണ്ടായ ഷോർട്സ് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി പറയുന്നത്. കൂരിപ്പൊയിൽ സ്കൂളിന് സമീപമുള്ള കുമാരമംഗലത്ത് സുബ്രഹ്മണ്യന്റെ വീടാണ് മേൽകൂരയടക്കം പകുതിയിലധികം ഭാഗവും കത്തി നശിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. ഈ സമയം വൈദ്യുതി ലൈനിൽ അമിത വോൾട്ടേജ് പ്രവാഹം ഉണ്ടായതായി നാട്ടുകാർ പറയുന്നു. സുബ്രഹ്മണ്യൻ കൂലി തൊഴിലാളിയും ഭാര്യ രുഗ്മിണി ആശാവർക്കറുമാണ്. വീട് പൂട്ടിപ്പോയ സമയത്താണ് അപകടം. ഷോർട്ട് സർക്യൂട്ട് കാരണം ഫ്രിഡ്ജിൽ നിന്ന് തീ പടർന്ന് രണ്ടു റൂമുകൾ, അലമാര, ഒരുലക്ഷം രൂപ, രണ്ടു പവന്റെ ആഭരണം, നിരവധി രേഖകൾ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ പൂർണമായും നശിച്ചു.
പ്രദേശത്തെ നിരവധി വീടുകളിൽ വൈദ്യുതി ഉപകരണങ്ങൾ കത്തി നശിച്ചു. വൈദ്യുതി ലൈനിൽ പ്രവൃത്തികൾ നടന്നിരുന്നു. പ്രവൃത്തി കഴിഞ്ഞ് ലൈൻ ചാർജ് ചെയ്ത സമയത്താണ് അമിതമായ വൈദ്യുതി പ്രവാഹമുണ്ടായത്. അടുക്കളയോട് ചേർന്ന സ്റ്റോക്ക് റൂം കത്തിയമർന്നു.
വീടിന്റെ ചുമരുകളും മറ്റും പൊട്ടി വീട് താമസയോഗ്യമല്ലാതായി. ഫ്രിഡ്ജും അലമാരയും പൂർണമായി കത്തിയമർന്നു. മകന്റെ ചികിത്സക്കായി സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപയും ചികിത്സാ രേഖകളും രണ്ട് പവനോളം വരുന്ന സ്വർണാഭരണവും ആധാർ, പാൻ കാർഡ്, എസ്.എസ്.എൽ.സി ബുക്കുകൾ ഉൾപ്പടെയുള്ള രേഖകളും കത്തി നശിച്ചു. പ്രദേശത്തെ നിരവധി വീടുകളിലെ വയറിങ് സംവിധാനങ്ങളും വൈദ്യുതി ഉപകരണങ്ങളും തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.