സാമൂഹികാഘാത പഠനം നടത്തി; പൊന്നാനിയിൽ കടലാക്രമണം തടയാൻ ടെട്രാപോഡ് പദ്ധതി വരുന്നു
പൊന്നാനി: പൊന്നാനിയിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ ടെട്രാപോഡ് പദ്ധതി നടപ്പാക്കാൻ തീരുമാനം.
ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ പത്ത് ഹോട്ട് സ്പോട്ടുകളിലൊന്നായ പൊന്നാനിയുടെ തീരം ഓരോ കടൽക്ഷോഭങ്ങളിലും കടലെടുക്കുന്നത് തടയാൻ ശ്വാശത പരിഹാരമെന്ന നിലയിലാണ് ചെല്ലാനത്ത് വിജയം കണ്ട ടെട്രാപോഡ് പദ്ധതി പൊന്നാനിയിലെത്തുന്നത്. പൊന്നാനി അഴിമുഖം മുതൽ പെരുമ്പടപ്പിലെ പാലപ്പെട്ടി വരെയുള്ള പതിനൊന്നര കിലോമീറ്റർ വരുന്ന തീരത്താണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. പദ്ധതി പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയും തീരദേശവാസികളുടെ അഭിപ്രായം കണക്കിലെടുത്തുമാണ് പദ്ധതി യാഥാർഥ്യമാക്കുക. ഇതിന്റെ ഭാഗമായി അൾട്രാടെക് എൻവയൺമെന്റ് കമ്പനി പ്രതിനിധികൾ പൊന്നാനി തീരത്ത് പഠനം നടത്തി.
തീരവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും നിർദേശങ്ങൾ കൂടി ചേർത്ത് അന്തിമ ഡിസൈൻ തയാറാക്കും. പദ്ധതിക്കായി എ.ഡി.ബി 525 കോടി രൂപ അനുവദിച്ചിരുന്നു.
70 ശതമാനം ഏഷ്യൻ ഡവലപ്മെന്റ് ബാങ്കും 30 ശതമാനം സംസ്ഥാന സർക്കാറും വഹിക്കും. ഗവ. മിഷൻ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അടുത്ത ആഴ്ച പദ്ധതി പ്രദേശം സന്ദർശിക്കുകയും സാമൂഹികാഘാത പഠന റിപ്പോർട്ട് പരിശോധിക്കുകയും ചെയ്ത ശേഷമാണ് പദ്ധതി നടപ്പാക്കുക.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസി എൻ.സി.സി.ആർ ആണ് സാധ്യതപഠനം നടത്തി ഡിസൈൻ തയാറാക്കിയത്. ആറ് മീറ്റർ ഉയരത്തിലും തുടക്കത്തിലും അവസാനിക്കുന്നിടത്തും 36 മീറ്റർ വീതിയും ബാക്കി ഭാഗത്ത് 29 മീറ്റർ വീതിയിലുമായി നാല് ലെയറുകളിലായാണ് ഭിത്തി നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.