കാളികാവ്: മലയോര ഹൈവേയിൽ ചെങ്കോട് പാലത്തിന് സമീപം മാലിന്യം തള്ളിയ ടിപ്പർ ലോറി പിടികൂടി. പെരിന്തൽമണ്ണ ആലിപ്പറമ്പിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് വാഹനം പിടികൂടിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും കാളികാവ് പൊലീസ് പറഞ്ഞു.
പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശികളായ ഉരിസിലിങ്ങൽ സിജിൽ രാജ് ,കാപ്പിൽ അജ്മൽ എന്നിവരാണ് കഴിഞ്ഞ ദിവസം നടുറോഡിൽ മാലിന്യം തള്ളിയതെന്ന് പൊലീസ് പറഞ്ഞു. അജ്മലിന്റെ പേരിലുള്ള ടിപ്പർ ലോറിയിൽ ടാങ്കിൽ മാലിന്യം നിറച്ച് കൊണ്ടുവന്നാണ് പുഴക്ക് സമീപം റോഡിൽ തള്ളിയത്. ഈ മാസം 10നാണ് സംഭവം.
സി.സി ടി.വി പരിശോധനയിൽ മാലിന്യവാഹനമായ ടിപ്പർ ലോറിയും വാഹനത്തിന് അകമ്പടി പോന്ന കാറും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെരിന്തൽമണ്ണ താഴേക്കോട് ആലിപ്പറമ്പിൽ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം കണ്ടെത്തിയത്. അജ്മലിന്റെ പേരിലാണ് വാഹനത്തിന്റെ ആർ.സി. പ്രതികൾ രണ്ടുപേരും ഒളിവിലാണ്. അതേസമയം, സ്റ്റേഷനിൽ ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. സി.സി ടിവി പരിശോധന നടത്തി നാല് ദിവസംകൊണ്ട് വാഹനം പിടികൂടാനായത് പൊലീസിന് വലിയ ആശ്വാസമായി. ടിപ്പർ ലോറിക്ക് നമ്പർപ്ലേറ്റോ മറ്റു തിരിച്ചറിയാനുള്ള സംവിധാനങ്ങളോ ഇല്ലായിരുന്നു. എസ്കോർട്ട് പോന്ന വാഹനത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് മാലിന്യം തള്ളിയ വാഹനത്തെയും പ്രതികളെയും തിരിച്ചറിഞ്ഞത്.
കാളികാവ് സി.ഐ എം .ശശിധരൻ പിള്ള, എസ്.ഐ സുബ്രഹ്മണ്യൻ, സി.പി.ഒമാരായ വിനു, മഹേഷ്, രതീഷ് എന്നിവർ ചേർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. കക്കൂസിലെ തടസ്സവും മാലിന്യവും കുറഞ്ഞ ചെലവിൽ നീക്കം ചെയ്യുന്നു എന്ന ബോർഡും കെണ്ടടുത്തു. വാഹനം ടാങ്ക് വെക്കാൻ സംവിധാനത്തിൽ ആൾട്ടറേഷൻ നടത്തുകയും ചെയ്തിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ ഇവർ മാലിന്യം തള്ളിയതായാണ് പൊലീസിന് കിട്ടിയ വിവരം. വാഹനം കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.