യു.ഡി.എഫ് വിജയത്തെത്തുടർന്ന് പാണക്കാട് എത്തിയ പ്രവർത്തകർ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ മാല അണിയിക്കുന്നു
മലപ്പുറം: കേരളമാകെ അലയടിച്ച കൊടുങ്കാറ്റിൽ ജില്ലയിൽ യു.ഡി.എഫ് നൂറുമേനി കൊയ്തത് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ. തിളക്കമുള്ള ‘ഫുൾ എ പ്ലസ്’ നേട്ടം ഐക്യജനാധിപത്യ മുന്നണി സ്വന്തമാക്കിയത് വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയ ഹോം വർക്കിലൂടെയാണ്. കെട്ടുറപ്പോടെ പ്രവർത്തിച്ച മുന്നണി സംവിധാനത്തിന് കീഴിൽ പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. ആ പ്രയത്നം ഫലം കാണുന്നതിനാണ് തിങ്കളാഴ്ച പെട്ടി പൊട്ടിച്ചപ്പോൾ ജില്ല സാക്ഷ്യം വഹിച്ചത്.
സംസ്ഥാനത്തെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ഭൂരിപക്ഷം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർഥികൾ തൂക്കിയത് ഈ പ്രവർത്തനങ്ങളുടെ കൂടി ഫലമായാണ്. സംസ്ഥാനമൊട്ടാകെ അലയടിച്ച യു.ഡി.എഫ് തരംഗത്തിനും ഭരണവിരുദ്ധ വികാരത്തിനുമൊപ്പം മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശങ്ങളും വോട്ടർമാരെ സ്വാധീനിച്ചു. വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ പരാമർശങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കാതിരുന്നതും മുഖ‍്യമന്ത്രി പിണറായി വിജയൻ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം വിരുദ്ധ പരാമർശവുമെല്ലാം ജില്ലയിലെ ജനങ്ങളെ ഇടതുപക്ഷത്തിനെതിരെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു. സർക്കാർ വിരുദ്ധതക്കൊപ്പം സി.പി.എമ്മിനെതിരായ രാഷ്ട്രീയ വോട്ടുകളും യു.ഡി.എഫിനെ തുണച്ചു.
സർക്കാർ-സി.പി.എം വിരുദ്ധതക്കൊപ്പം മുസ്ലിം ലീഗ്, കോൺഗ്രസ് പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനവും യു.ഡി.എഫിന് തുണയായി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പേ തുടങ്ങിയതാണ് അവരുടെ പ്രവർത്തനം. ഓരോ തെരഞ്ഞെടുപ്പിലെയും വിജയത്തിനുശേഷവും അതിന്‍റെ ആലസ്യത്തിലിരിക്കാതെ അണികൾക്ക് ജോലികൾ വീതിച്ചുനൽകാൻ നേതൃത്വം ശ്രദ്ധ ചെലുത്തി. 2025ലെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമെല്ലാം ഇതിന്‍റെ ഫലം മുന്നണിക്കുണ്ടായി. ഇതിനിടയിൽ വിവിധ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും അട്ടിമറി ജയം നേടാനായി.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ മുസ്ലിം ലീഗ് നടത്തിയ പ്രവർത്തനങ്ങൾ മുന്നണിക്ക് നേട്ടമായി. ജില്ലയിലെ ഓരോ ബൂത്തുകളിലും ലീഗ് പ്രവർത്തകർ എസ്.ഐ.ആർ ഹെൽപ് ഡെസ്കുകൾക്ക് രൂപം കൊടുത്ത് ഫോം പൂരിപ്പിക്കാനും മറ്റും വോട്ടർമാരെ സഹായിച്ചു. അതോടൊപ്പം പുതിയ വോട്ടർമാരെ ചേർക്കുന്നതിലും ലീഗ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ജില്ലയിൽ പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെട്ട അഞ്ചു ലക്ഷത്തോളം വോട്ടർമാരിൽ വലിയ ശതമാനത്തെയും ചേർത്തത് ലീഗ് അണികളാണ്.
നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷമാണ് (85,327) മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ ഭൂരിപക്ഷം (63,387) തിരൂരങ്ങാടിയിൽ പി.എം.എ. സമീറിന് ലഭിച്ചു. 62,638 വോട്ടുമായി കോട്ടക്കലിൽനിന്ന് ആബിദ് ഹുസൈൻ തങ്ങൾ മൂന്നാമതുമെത്തി. ഏഴു മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം അര ലക്ഷം കടന്നു. കൂടാതെ, എല്ലാ മണ്ഡലങ്ങളിലെയും ഭൂരിപക്ഷം അഞ്ചക്കവും കടന്നു.
മലപ്പുറം: മലപ്പുറത്തെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മുസ്ലിം ലീഗ് നടത്തിയ പ്രവചനം അൽപം പോലും തെറ്റിയില്ലെന്നും ജില്ലയിലെ ജനങ്ങൾ സി.പി.എമ്മിനോട് ശരിക്കും കണക്ക് തീർത്തെന്നും ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ്. സി.പി.എമ്മിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലങ്ങൾ ഇത്തവണ തിരിച്ചുപിടിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ലീഗ് പ്രഖ്യാപിച്ചതാണ്. ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ജില്ലയിലെ ജനങ്ങൾ പ്രകടിപ്പിച്ച അതേ വികാരമാണ് നിയമസഭ തെരഞ്ഞെടുപ്പിലും പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.