കെ.എസ്.ആർ.ടി.സി ബസ്
താനൂർ: താനൂരിൽനിന്ന് ജില്ല ആസ്ഥാനമായ മലപ്പുറത്തെയും ഗവ. മെഡിക്കൽ കോളജ് ആശുപത്രിയും ജില്ല കോടതിയുമുൾപ്പെടെ നിരവധി സ്ഥാപനങ്ങളുമുള്ള മഞ്ചേരിയെയും ബന്ധിപ്പിച്ചുള്ള ബസ് സർവിസ് വേണമെന്ന നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യത്തിന് പരിഹാരമായി താനൂർ-മലപ്പുറം-മഞ്ചേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് വ്യാഴാഴ്ച ഓടിത്തുടങ്ങും. രാവിലെ എട്ടിന് താനൂരിൽ പി.കെ. നവാസ് എം.എൽ.എ സർവിസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും. എം.എൽ.എയുടെ പ്രത്യേക ഇടപെടലിലൂടെയാണ് താനൂരിനെ ബന്ധിപ്പിച്ചുള്ള അഞ്ച് സർവിസുകൾ ആരംഭിക്കുന്നത്. ഈ റൂട്ടിലൂടെ ബസ് സർവിസ് വേണമെന്ന ആവശ്യം ശക്തമാകുന്നതായി ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
രാവിലെ 8.10ന് താനൂരിൽനിന്ന് സർവിസ് ആരംഭിക്കുന്ന ബസ് വൈലത്തൂർ-കോട്ടക്കൽ-മലപ്പുറം വഴി 10ന് മഞ്ചേരിയിലെത്തും. രാവിലെ 10.10ന് മഞ്ചേരിയിൽനിന്ന് മലപ്പുറം-കോട്ടക്കൽ-കക്കാട്-ചെമ്മാട്-പരപ്പനങ്ങാടി വഴി രണ്ടിന് തിരികെ താനൂരിലെത്തും. ഉച്ചക്ക് 2.10ന് താനൂരിൽനിന്ന് പരപ്പനങ്ങാടി-ചെമ്മാട്-കക്കാട്-കോട്ടക്കൽ-മലപ്പുറം വഴി 4.20ന് മലപ്പുറത്തെത്തുന്ന ബസ് വൈകീട്ട് 5.10ന് മലപ്പുറത്ത് നിന്ന് കോട്ടക്കൽ-വൈലത്തൂർ വഴി 6.30ന് തിരിച്ച് താനൂരിലെത്തും. വൈകീട്ട് 6.45ന് താനൂരിൽനിന്ന് വട്ടത്താണി-തിരൂർ-കോട്ടക്കൽ വഴി രാത്രി 8.35ന് മലപ്പുറത്തെത്തി സർവിസ് അവസാനിപ്പിക്കുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ ഓഫിസ് സമയം തുടങ്ങുന്നതിന് മുമ്പേ ജില്ല ആസ്ഥാനത്തെത്താവുന്ന രീതിയിലുള്ള സമയക്രമീകരണം പൊതുജനങ്ങൾക്കും ജോലിക്കാർക്കും ഏറെ സഹായകമാകുമെന്ന് നേരത്തേ ബസ് സർവിസ് ആവശ്യപ്പെട്ട് എം.എൽ.എക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകിയിരുന്ന നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ. സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.