ഉദ്ഘാടനത്തിനൊരുങ്ങുന്ന കെ.എസ്.ആർ.ടി.സി മലപ്പുറം ടെർമിനലിന്റെ യാർഡിൽ കട്ട വിരിക്കുന്നു
മലപ്പുറം: ഒരു പതിറ്റാണ്ടുകാലത്തെ മലപ്പുറം നിവാസികളുടെ കാത്തിരിപ്പിന് അറുതിയാകുന്നു. പുനരുദ്ധാരണം പൂർത്തിയായ മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ടെർമിനൽ കെട്ടിടത്തിന്റെ അവസാന മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ബസ് സ്റ്റാൻഡ് യാഥാർഥ്യമാകുന്നതോടെ, ജനങ്ങളുടെ നീണ്ട ദുരിതകാലത്തിനാണ് അറുതിയാവുന്നത്. നഗരത്തിന്റെ കണ്ണായ സ്ഥലത്ത് പണിത ഷോപ്പിങ് കോംപ്ലക്സ് വഴി മികച്ച വരുമാനമാണ് കോർപറേഷൻ പ്രതീക്ഷിക്കുന്നത്.
ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിക്കുമെന്ന് പി. ഉബൈദുല്ല എം.എൽ.എ അറിയിച്ചു. ഇ.ടി. മുഹമ്മദ് എം.പിയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും. വൈകുന്നേരം മൂന്നിന് കലക്ടറുടെ ബംഗ്ലാവ് പരിസരത്തുനിന്ന് ഘോഷയാത്രയും ഉണ്ടാവും. മലപ്പുറം കുന്നുമ്മൽ ജങ്ഷനിൽ നഗരത്തിന്റെ മുഖമായിട്ടാണ് 2.25 ഏക്കറിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥിതി ചെയ്യുന്നത്. ഇടിഞ്ഞുപൊളിഞ്ഞുകിടന്ന ഡിപ്പോ ആസ്ഥാനം പുനരുദ്ധരിച്ച് സർവിസുകൾ വിപുലപ്പെടുത്തണമെന്ന മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ചെറുതും വലുതുമായ പ്രപ്പോസലുകൾ വരുകയും പോവുകയും ചെയ്തു. 2014ലെ മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് നാലുനിലകളുള്ള കെട്ടിടത്തിന് രൂപരേഖ തയാറാക്കിയത്. സാങ്കേതിക പ്രശ്നങ്ങൾ തുടർന്നും കടമ്പയായി. രൂപരേഖ പലതവണ മാറ്റിവരച്ചു. ഫണ്ടിന്റെ അപര്യാപ്തയും പ്രശ്നമായി. 2015 നവംബറിൽ 7.90 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായി. ടെർമിനലിന്റെ നിർമാണം 2016ൽ ആരംഭിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങി പദ്ധതി അനന്തമായി നീളുകയായിരുന്നു. ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാലുനില കെട്ടിടത്തിന്റെയും ഓഫിസുകളുടെയും പണികളാണ് പൂർത്തീകരിച്ചത്.
ദേശീയപാതക്ക് അഭിമുഖമായി ലോവർ നിലകളായി രണ്ടും ഡിപ്പോയുടെ തറനിരപ്പിൽ ബസ് ടെർമിനലും, അതിന് മുകളിൽ ഒരു നിലയും എന്ന രീതിയിലാണ് സ്ട്രക്ച്ചർ പണിതത്. രണ്ടാംഘട്ടത്തിൽ ഈ കെട്ടിടങ്ങളുടെ പൂർത്തീകരണ പ്രവൃത്തികളാണ് നടന്നിരിക്കുന്നത്. 90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി ഫണ്ടും രണ്ട് കോടി രൂപയുടെ എം.എൽ.എ ഫണ്ടും ഉപയോഗിച്ചുള്ള നിർമാണമാണ് ഇപ്പോൾ പൂർത്തിയാകുന്നത്. ടെർമിനലിന്റെ തുടർ പ്രവൃത്തികൾക്ക് അഞ്ച് കോടി രൂപകൂടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.