അഗ്നിരക്ഷ നിലയം സ്വപ്‌നം മാത്രം; അഗ്നിപരീക്ഷകള്‍ക്കുമുന്നില്‍ പകച്ച് കൊണ്ടോട്ടി

കൊണ്ടോട്ടി: ആവര്‍ത്തിക്കുന്ന അഗ്നിപരീക്ഷകള്‍ക്കു മുന്നില്‍ പ്രതിരോധമില്ലാതെ പകക്കുന്ന കൊണ്ടോട്ടി നഗരത്തിനും പരിസര പ്രദേശങ്ങള്‍ക്കും മണ്ഡലത്തില്‍ ഒരു അഗ്നിരക്ഷ നിലയം എന്ന ആവശ്യം സ്വപ്‌നമായി തുടരുന്നു. ഓരോ വേനല്‍ക്കാലങ്ങളിലും കെട്ടിടങ്ങളും വാഹനങ്ങളും തോട്ടങ്ങളുമെല്ലാം കത്തിയമരുമ്പോഴും മറ്റ് ദുരന്തങ്ങളുണ്ടാകുമ്പോളും രക്ഷക്കായി അഗ്നിരക്ഷ സേനയെത്താന്‍ മറ്റിടങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നഗരവും സമീപ ഗ്രാമങ്ങളും. വെള്ളിയാഴ്ച അർധരാത്രി നഗരമധ്യത്തോട് ചേര്‍ന്ന് ചുങ്കത്ത് വ്യാപാര മുച്ചയത്തില്‍ അപകടകരമായ വിധത്തില്‍ തീ പടര്‍ന്നപ്പോള്‍ പ്രാഥമിക രക്ഷാപ്രവര്‍ത്തനം മാത്രം നടത്തി അഗ്നിരക്ഷ സേന വരുന്നതുവരെ കാത്തിരിക്കാനായിരുന്നു നാട്ടുകാരുടെ നിയോഗം.

ഓരോ അപകടങ്ങളുണ്ടാകുമ്പോളും മണിക്കൂറുകള്‍ കാത്തിരിക്കണം കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലങ്ങളില്‍നിന്ന് അഗ്‌നിരക്ഷ സേനയുടെ യൂനിറ്റുകളെത്താന്‍. ഇത് മിക്ക സമയങ്ങളിലും ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. മാസങ്ങൾക്ക് മുമ്പ് കുളത്തൂര്‍ വിമാനത്താവള ജങ്ഷനടുത്ത് സ്വകാര്യ ബസിന് തീപിടിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അപകടമുണ്ടായി ബസ് പൂര്‍ണമായും കത്തിയ ശേഷമാണ് മലപ്പുറത്തുനിന്ന് അഗ്‌നിരക്ഷ സേനയുടെ രണ്ട് യൂനിറ്റുകള്‍ എത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മാതൃനഗരമെന്നതിലുപരി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നും വ്യാപാര കേന്ദ്രവുമായ കൊണ്ടോട്ടി കേന്ദ്രീകരിച്ച് അഗ്‌നിരക്ഷ നിലയം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, മണ്ഡലം കേന്ദ്രീകരിച്ച് നിലയമനുവദിക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. അഗ്‌നിരക്ഷ നിലയം വേണമെന്ന ജനകീയ ആവശ്യം നിരവധി തവണ സര്‍ക്കാറിന്റെ മുന്നിലെത്തിയതാണ്. സ്ഥലലഭ്യത പ്രശ്നമാണ് ഇതിന് ആദ്യം കാരണമായി പറഞ്ഞിരുന്നത്. ഏറ്റവും ഒടുവില്‍ സര്‍ക്കാറിന് കത്ത് നല്‍കിയപ്പോഴും സ്ഥലം ലഭ്യമാക്കിയാല്‍ നിലയം അനുവദിക്കുന്നത് പരിഗണിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാടെന്ന് മുന്‍ എം.എല്‍.എ ടി.വി. ഇബ്രാഹിം പറഞ്ഞു. ഇതേത്തുടര്‍ന്ന് കൊണ്ടോട്ടി നഗരസഭ സ്ഥലം ലഭ്യമാക്കാന്‍ സന്നദ്ധതയറിയിച്ച് രേഖാമൂലം വിവരം നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല.

Tags:    
News Summary - The fire station is just a dream; facing the ordeals of fire, they ran away with a vengeance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.