കരേക്കാട് കുണ്ടുവായിൽ പാലത്തിന്റെ അടിവശം
കാടാമ്പുഴ: മാറാക്കര പഞ്ചായത്തിലെ കരേക്കാട് എട്ടാം വാർഡിൽ ഉൾപ്പെട്ട കുണ്ടുവായിൽ പാലം അപകട ഭീഷണിയിൽ. കരേക്കാട് ചിത്രംപള്ളി വഴി വളാഞ്ചേരിയിലേക്ക് പോകുന്ന കണ്ണംകുളം - കണ്ണൻകടവ് റോഡിലാണ് അപകടാവസ്ഥയിലായ കുണ്ടുവായിൽ പാലം. പാലത്തിന്റെ കമ്പികൾ പലതും തുരുമ്പെടുത്ത അവസ്ഥയിലാണ്. ചരക്ക് കയറ്റി വരുന്ന ടോറസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുക്കമനുഭവപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
30 വർഷം മുമ്പ് നിർമിച്ചതാണ് പാലം. കമ്പികൾ തുരുമ്പെടുത്തതിനെ തുടർന്ന് പല ഭാഗത്തും സിമൻറുകൾ അടർന്ന് വീണിട്ടുണ്ട്. അപകട സാധ്യതയുള്ള പാലത്തിലൂടെയാണ് സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഒട്ടനവധി വാഹനങ്ങൾ ദിവസവും കടന്നുപോവുന്നത്. പൊതുമരാമത്തിന് കീഴിലുള്ള ഈ റോഡിലൂടെ കാടാമ്പുഴ, വളാഞ്ചേരി, തിരൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സർവിസുണ്ട്. ബന്ധപ്പെട്ട അധികൃതർ പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തണം. പാലം പുനർനിർമിക്കാനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കാസ്കോ ക്ലബ് ചിത്രം പള്ളി ആവശ്യപ്പെട്ടു.
കാടാമ്പുഴ: തകർന്ന് വീഴാറായ കുണ്ടുവായിൽ പാലം പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാറാക്കാര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പി.ഡി.പി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗം കെ.ടി. ഹുസൈൻ ഉദ്ഘാടനം ചെയ്തതു. അബൂബക്കർ അധ്യക്ഷത വഹിച്ചു. നിസാർ മാഞ്ചേരി, ജാബിർ, അലി, അൻവർ, മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. എൻ. ഷഫീഖ് സ്വാഗതവും യൂസഫ് പാറാത്തൊടി നന്ദിയും പറഞ്ഞു. പാലം ഉടൻ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയതായി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.