സമീറയും മകള്‍ ഹനാനും
ശാസ്ത്രച്ചെപ്പ് തുറന്ന് ഉമ്മയും മകളും; അന്ന് സംസ്ഥാനതാരം, ഇന്ന് മകളോടൊപ്പം മത്സരവേദിയില്‍
കോട്ടക്കല്‍: 34 വര്‍ഷം മുമ്പ് കോട്ടയം ചെങ്ങന്നൂരില്‍ നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ എച്ച്.എസ് വിഭാഗം സ്റ്റില്‍ മോഡലില്‍ ഒന്നാമതെത്തിയ താരം വീണ്ടും മത്സരരംഗത്ത്. പക്ഷേ, ഇത്തവണ മകള്‍ക്കൊപ്പമാണ് എടരിക്കോട് നടക്കുന്ന ജില്ല ശാസ്ത്രോത്സവത്തില്‍ മത്സരാർഥിയായെത്തിയത്. മഞ്ചേരി ഉപജില്ലയിലെ മാരിയാട് ഗവ. എല്‍.പി സ്കൂള്‍ അധ്യാപിക സമീറ പൂവന്തൊടിയാണ് മഞ്ചേരി എച്ച്.എം.വൈ എച്ച്.എസ്.എസ് പത്താം തരം വിദ്യാർഥിനിയായ മകള്‍ ഹനാനൊപ്പം മത്സരിക്കാനെത്തിയത്.
1992ല്‍ മലപ്പുറം സെന്റ് ജെമ്മാസ് എച്ച്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരിക്കെയാണ് സമീറ സംസ്ഥാനതലത്തില്‍ വിജയിക്കുന്നത്. പക്ഷേ, ബാബരി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ട് സാഹചര്യം മോശമായതിനെത്തുടര്‍ന്ന് ദേശീയതല മത്സരം ഒഴിവാക്കിയതിനാല്‍ അവസരം നഷ്ടമായി. അന്നത്തെ സങ്കടം വര്‍ഷങ്ങളോളം നീണ്ടുനിന്നുവെന്ന് ഇവര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഉമ്മയുടെ പാത പിന്തുടര്‍ന്ന ഹനാന് എച്ച്.എസ് വിഭാഗം സ്റ്റില്‍ മോഡലില്‍തന്നെയാണ് മത്സരിച്ചത്. മനുഷ്യജീനിന്റെ ഘടനയുമായി ബന്ധപ്പെട്ട സ്റ്റില്‍ മോഡലാണ് ഉമ്മ അക്കാലത്ത് തെരഞ്ഞെടുത്തതെങ്കില്‍ കരിമണലില്‍നിന്ന് സുലഭമായ വൈദ്യുതിയെന്ന ആശയമാണ് ടീമിലെ അനശ്വരക്കൊപ്പം ഹനാന് അവതരിപ്പിച്ചത്. ഇതിന് രണ്ടാം സ്ഥാനവും എഗ്രേഡും ലഭിച്ചതോടെ ഇരട്ടിമധുരത്തിലാണ് ഇരുവരും.
സമ്മാനങ്ങള്‍ നേടുന്നതിനേക്കാള്‍ അതിമനോഹരമാണ് ഉമ്മക്കൊപ്പം മത്സരരംഗത്ത് എത്താന്‍ കഴിഞ്ഞതെന്ന് ഹനാന് പറയുന്നു. പ്രൈമറി അധ്യാപകര്‍ക്കായുള്ള സാമൂഹ്യശാസ്ത്രം പഠനോപകരണ നിർമാണത്തില്‍ മത്സരിച്ച സമീറക്കും എ ഗ്രേഡുണ്ട്.
ആറാം ക്ലാസ്സില്‍ ജില്ല ശിശുക്ഷേമ സമിതിയുടെ സ്പീക്കര്‍ സ്ഥാനവും കഴിഞ്ഞ വര്‍ഷം ഹരിത വിദ്യാലയ റിയാലിറ്റി ഷോയില്‍ മികച്ച അവതരണത്തിനുള്ള പുരസ്കാരവും നേടിയ ഹനാന് മഞ്ചേരി ഉപജില്ല കലാമേളയില്‍ ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങളിലും ഇംഗ്ലീഷ് സ്കിറ്റിലും മിന്നും താരമാണ്. റിട്ട. തഹസില്‍ദാര്‍ പുത്തന്‍പീടിയേക്കല്‍ മുഹമ്മദലിയാണ് പിതാവ്. അസ്ലഹ, അമല്‍ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.