കരിപ്പൂര്‍ വിമാനത്താവള കാര്‍ഗോ കോംപ്ലക്‌സിലേക്ക് നിർമിച്ചുനല്‍കിയ ആധുനിക കണ്‍വെയര്‍ ബെല്‍റ്റ് സംവിധാനവുമായി മുഹമ്മദ് അഷ്‌റഫ്‌ 

കരിപ്പൂർ എയർകാർഗോയിൽ തദ്ദേശീയ കൺവെയർ ബെൽറ്റ്; അഭിമാനനേട്ടവുമായി അഷ്‌റഫ്

കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർകാർഗോയിൽ ചരക്കുനീക്കത്തിനായി തദ്ദേശീയമായി നിർമിച്ച ആധുനിക കൺവെയർ ബെൽറ്റ് പ്രവർത്തനസജ്ജമായി. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം സാങ്കേതിക മികവിലും നിലവാരത്തിലും വിദേശനിർമിത ഉപകരണങ്ങളെക്കാൾ മുന്നിലാണ്. എൻജിനീയറിങ് ഡിപ്ലോമ ഹോൾഡറും കൊണ്ടോട്ടിയിലെ സ്രാങ്ക് എന്‍ജിനീയറിങ് സ്ഥാപനത്തിന്റെ ഉടമയുമായ മുഹമ്മദ് അഷ്‌റഫ് എന്ന സ്രാങ്ക് അഷ്റഫാണ് എയർകാർഗോ അധികൃതരുടെ ആവശ്യപ്രകാരം ഇത് നിർമിച്ചത്.

ഇന്ത്യൻ നിർമിത വസ്തുക്കൾ മാത്രം ഉപയോഗിച്ച് നിർമിച്ച ബെൽറ്റിന് ഒരു ടൺ ഭാരമുള്ള ബാഗേജുകൾ വരെ നീക്കാനാകും. ഒരു ദിവസം 10,000 ബാഗേജുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള ഇതിലൂടെ, ചരക്ക് നീക്കത്തിന് ശേഷം യാത്രാതടസ്സമുണ്ടായാൽ സാധനങ്ങൾ തിരിച്ചെടുക്കാനുള്ള സൗകര്യവുമുണ്ട്. വിദേശനിർമിത കൺവെയർ ബെൽറ്റുകളെ അപേക്ഷിച്ച് പകുതിയിലധികം വിലക്കുറവുള്ള ഈ സംവിധാനത്തിന്റെ അറ്റകുറ്റപ്പണികളും കുറഞ്ഞ നിരക്കിൽ നാട്ടിൽത്തന്നെ ചെയ്യാനാകും.

സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയ പുതിയ സംവിധാനം എയർകാർഗോ അധികൃതർ ഏറ്റെടുത്തു. വിവിധ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അഷ്‌റഫ്, കരിപ്പൂർ വിമാനത്താവളത്തിനായി എയ്റോഡ്രാം ബീക്കണ്‍ ലൈറ്റ് ഉൾപ്പെടെയുള്ള സാങ്കേതിക ഉപകരണങ്ങൾ നേരത്തെ തന്നെ നിർമിച്ചുനൽകിയിട്ടുണ്ട്. വീട്ടമ്മ എന്ന പേരിലുണ്ടാക്കിയ അരപ്പുയന്ത്രത്തിന് 2002ല്‍ ദേശീയ പുരസ്‌കാരവും മറ്റു കണ്ടുപിടിത്തങ്ങള്‍ക്ക് 2015ല്‍ സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. എക്കാപ്പറമ്പിലെ പരേതനായ റിട്ട. സെയില്‍ ടാക്സ് ഓഫിസര്‍ മൂസ ഹാജിയുടെയും നഫീസ ടീച്ചറുടെയും രണ്ടാമത്തെ മകനാണ് മുഹമ്മദ് അഷ്‌റഫ്. ഭാര്യ: ഷമീന ടീച്ചര്‍.

Tags:    
News Summary - Local conveyor belt at Karipur Aircargo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.