വിലവർധനയിൽ പൊള്ളി വിപണി; അരിക്കും പലവ്യഞ്ജന സാധനങ്ങൾക്കും തീവില
പരപ്പനങ്ങാടി: അരിയടക്കം മിക്ക ധാന്യങ്ങൾക്കും പലവ്യഞ്ജന സാധനങ്ങൾക്കും പച്ചക്കറികൾക്കും മത്സ്യ മാംസാദികൾക്കും വില കുത്തനെ കൂടിയതോടെ ജനം വലയുന്നു. 45 രൂപയുണ്ടായിരുന്ന കുറുവ അരി 58 ലേക്കും 52 രൂപ വിലയുണ്ടായിരുന്ന സുരേഖ എ.വി.ആർ അരി 69 ലേക്കുമെത്തി. 62 രൂപയുണ്ടായിരുന്ന പൊന്നി അരിക്ക് ഒറ്റയടിക്ക് 70 രൂപ പിന്നിട്ടു. നൂർജഹാൻ അരിയും സിൽക്കി അരിയും 36 ൽ നിന്ന് 40 കടന്നു.
95 രൂപ വിലയുണ്ടായിരുന്ന കയമ ബിരിയാണി അരി 198 ലേക്ക് കുതിച്ചപ്പോൾ 70 രൂപ മൊത്തവിലയുണ്ടായിരുന്ന ജോക്കർ, ബുള്ളറ്റ് കോല അരിക്ക് ഒറ്റയടിക് 95 ലെത്തി. പുഴുങ്ങലരിക്കും ഒറ്റയടിക്ക് 35 ശതമാനമാണ് വർധനയുണ്ടായത്. 45 രൂപ വിലയുണ്ടായിരുന്ന പഞ്ചസാര 57 ലെത്തി. പയർ, പരിപ്പ് ഇനങ്ങളുടെയും വില മുകളിലോട്ട് തന്നെയാണ്.
പച്ച പട്ടാണി മാത്രമാണ് വിലയിൽ താഴോട്ടുള്ള വന്ന ഇനം. കിലോക്ക് 250 രൂപയുണ്ടായിരുന്ന വറ്റൽ മുളകിനും 150 രൂപയുണ്ടായിരുന്ന മല്ലിയും വില കൂടി. പച്ചരിവില കിലോക്ക് മൂന്ന് രൂപ കൂടി. വലിയ ഉള്ളി 60 ലും തക്കാളി 40 ലും എത്തിനിൽക്കുന്നതും വെളുത്ത ഉള്ളി, ചെറിയ ഉള്ളി, ഇഞ്ചി, ചെറു നാരങ്ങ എന്നിവയുടെ വില കയറിയതും ജനത്തെ സാരമായി ബാധിച്ചു. ബസുമതി അരികൾക്കും കിലോക്ക് 13 രൂപയിലധികം വർധിച്ചു. മത്സ്യങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ അത്യാവശ്യവമായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.