പെരിന്തൽമണ്ണ: നിയന്ത്രണം വിട്ട ഇന്ധന ടാങ്കർ നിർമാണം നടക്കുന്ന പാലത്തിൽനിന്ന് താഴെ ചതുപ്പിലേക്ക് മറിഞ്ഞ് അപകടം. ബുധനാഴ്ച പുലർച്ച 12.15നാണ് സംഭവം. വീഴ്ചയിൽ ഇന്ധനം ചോർന്നെങ്കിലും പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സി. ബാബുരാജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടാവസ്ഥ ഇല്ലെന്ന് ഉറപ്പാക്കി.
ലോറി ഡ്രൈവർ, ക്ലീനർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30 കി.മീ റോഡ് പ്രവൃത്തിയുടെ ഭാഗമായി പെരിന്തൽമണ്ണ ഊട്ടി റോഡിൽ മുണ്ടത്തപ്പാലം പൊളിച്ച് പുതുക്കി നിർമിക്കുന്നുണ്ട്. പാലം പണി കഴിഞ്ഞെങ്കിലും റോഡ് പണി പൂർത്തിയാക്കി ഗതാഗതത്തിനു സജ്ജമാക്കിയിട്ടില്ല. പാലത്തിൽ മണ്ണ് കൂട്ടിയിട്ട ഭാഗത്ത് എതിരെ വന്ന വാഹനത്തിന്റെ വെളിച്ചത്തിൽ റോഡ് കാണാതെ ടാങ്കർലോറി നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പറയുന്നത്.
മറിഞ്ഞ ടാങ്കർ രാവിലെ നിവർത്തി നിർത്തി ഇന്ധന ചോർച്ച താൽക്കാലികമായി തടഞ്ഞു. ഇനി ഇന്ധനം മാറ്റുകയോ ഇന്ധനത്തോടെ ലോറി വലിച്ചു കയറ്റുകയോ ചെയ്യാൻ സാധ്യത തേടുകയാണ്. പെരിന്തൽമണ്ണ സബ് കലക്ടർ സ്ഥലത്തെത്തി അപകട നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.