പൊന്നാനി: ട്രോളിങ് നിരോധനം അവസാനിക്കാറായിട്ടും അറ്റകുറ്റപ്പണികൾ പോലും നടത്താനാവാതെ മത്സ്യത്തൊഴിലാളികൾ. ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള പണം പോലും കണ്ടെത്താവാതെ ദുരിതത്തിലാണ് ജില്ലയിലെ മത്സ്യത്തൊഴിലാളികൾ. 52 ദിവസത്തെ ട്രോളിങ് നിരോധനത്തിനുശേഷം ചാകരക്കോളുകള്‍ തേടി മത്സ്യബന്ധന ബോട്ടുകള്‍ വീണ്ടും കടലിലേക്കിറങ്ങാൻ ഒരാഴ്ച മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള ബോട്ടുകളുടെ അറ്റകുറ്റപ്പണികളാണ് പ്രതിസന്ധിയിലായത്.
ട്രോളിങ് നിരോധനകാലം തീരദേശത്ത് ബോട്ടുകളുടെ കേടുപാടുകൾ തീർക്കാനും നവീകരണ പ്രവർത്തനങ്ങൾക്കുമുള്ള സമയമാണ്. മുൻ വർഷങ്ങളിൽ വന്‍തുക മുടക്കിയാണ് ബോട്ടുകള്‍ ഒട്ടുമിക്കതും അറ്റകുറ്റപ്പണി തീര്‍ത്തിരുന്നത്. കടം വാങ്ങിയും ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തുമാണ് ബോട്ടുകള്‍ നവീകരിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ബോട്ടുടമകൾക്കുണ്ടായത്. കൂടാതെ ഫിഷറീസ് വകുപ്പ് ഭീമമായ പിഴ ചുമത്തുന്നതും പ്രതിസന്ധിയിലാക്കി.
പ്രതിസന്ധികൾക്കിടെ പണം കണ്ടെത്താനാകാതെ അറ്റകുറ്റപ്പണികൾ നടത്താനാവാത്ത സ്ഥിതിയിലാണിവർ. ട്രോളിങ് നിരോധനത്തിന് മുമ്പ് തന്നെ ആഴ്ചകളോളം കടലിലിറങ്ങാനും കഴിഞ്ഞിരുന്നില്ല. മുൻവർഷങ്ങളിൽ ഇതര ജില്ലകളിൽ നിന്ന് വിദഗ്ധ തൊഴിലാളികളെ എത്തിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ വലിയ തുക നൽകി അറ്റകുറ്റപ്പണിക്കാരെ കൊണ്ടുവരാനാവാത്ത സാഹചര്യമാണ്.
ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ പോലും അനിശ്ചിതത്വത്തിലായതോടെ ട്രോളിങ് നിരോധനം കഴിഞ്ഞാലും എങ്ങനെ കടലിലിറങ്ങാനാവുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം, കൂടുതൽ കേടുപാടുകൾ സംഭവിച്ച ചില ബോട്ടുകൾ താൽക്കാലിക നവീകരണ പ്രവൃത്തികൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.