എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അധ്യാപിക കെ. ജയവിദ്യക്കൊപ്പം എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാനഘട്ട പഠനത്തിൽ
മലപ്പുറം: ഒരുക്കം പൂർത്തിയായതോടെ ജില്ലയിൽ തിങ്കളാഴ്ച 304 കേന്ദ്രങ്ങളിലായി 79,688 വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതും. ഭാഷ പരീക്ഷയോടെയാണ് തുടക്കമാകുക. പരീക്ഷക്ക് 40,769 ആൺകുട്ടികളും 38,919 പെൺകുട്ടികളുമുണ്ട്. നാല് വിദ്യാഭ്യാസ ജില്ലകളിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 101 കേന്ദ്രങ്ങളിലായി 14,641 ആൺകുട്ടികളും 13,717 പെൺകുട്ടികളും അടക്കം 28,358 പേർ പരീക്ഷ എഴുതും. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ 65 കേന്ദ്രങ്ങളിലായി 9,709 ആൺകുട്ടികളും 9,268 പെൺകുട്ടികളുമടക്കം 18,977 പേരും തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 73 കേന്ദ്രങ്ങളിലായി 8,331 ആൺകുട്ടികളും 8,168 പെൺകുട്ടികളുമടക്കം 16,499 പേരും വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 65 കേന്ദ്രങ്ങളിലായി 8,088 ആൺകുട്ടികളും 7,766 പെൺകുട്ടികളുമടക്കം 15,854 പേരും പരീക്ഷ എഴുതും. പരീക്ഷ നടത്തിപ്പിനായി 6,009 ഇൻവിജിലേറ്റർമാരെ ജില്ല വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
പരീക്ഷ നടത്തിപ്പ് നിരീക്ഷിക്കാനായി ജില്ലതലത്തിൽ വിദ്യാഭ്യാസ ഓഫിസർമാരുടെ സ്ക്വാഡുകളുണ്ട്. 2,017 കുട്ടികൾ പരീക്ഷയെഴുതുന്ന പി.കെ.എം.എച്ച്.എസ്.എസ് എടരിക്കോടാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്ന വിദ്യാലയം. 11 കുട്ടികൾ പരീക്ഷയെഴുതുന്ന രണ്ടത്താണി നുസ്രത്ത് പബ്ലിക് സ്കൂളാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്ന വിദ്യാലയം. സുരക്ഷ ക്രമീകരണങ്ങളോടെ ബാങ്കുകളിലും ട്രഷറികളിലുമായിട്ടാണ് ചോദ്യപേപ്പറുകൾ സൂക്ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ആറിനകം ഡെലിവറി ഓഫീസർമാർ ചോദ്യ പേപ്പറുകൾ പൊലീസ് അകമ്പടിയോടെ ഓരോ സെന്ററുകളിലും പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് എത്തിക്കും.
ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ചേർന്ന് ഏറ്റുവാങ്ങി ഇരട്ടത്താഴുള്ള അലമാരയിൽ സൂക്ഷിക്കും. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ 11.15 നും, രണ്ടര മണിക്കൂറിന്റേത് 12.15 നും അവസാനിക്കും. വിദ്യാർഥികൾ ഹാൾ ടിക്കറ്റുമായി പരീക്ഷ ഹാളിലേക്ക് 9.15 ഓടെ ഹാജരാക്കണം. ചൂട് പരിഗണിച്ച് ആവശ്യമെങ്കിൽ പരീക്ഷ ഹാളിലേക്ക് വിദ്യാർഥികൾക്ക് കുടിവെള്ളം കൊണ്ടുവരാം. മാർച്ച് 26ന് ജീവശാസ്ത്ര പരീക്ഷയോടെ അവസാനിക്കും. പരീക്ഷക്ക് എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചതായി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതലയുള്ള കെ. ഗീത കുമാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.