മഞ്ചേരി: നഗരത്തിലെ ജസീല ജങ്ഷനിലെ ട്രാഫിക് സിഗ്നൽ തകരാറിലായതോടെ ഗതാഗതക്കുരുക്ക് രൂക്ഷം. ലൈറ്റുകൾ തകരാറിലായിട്ട് മൂന്ന് ദിവസമായി. നഗരത്തിലെ തിരക്കുള്ള ജങ്ഷൻ കൂടിയാണിത്. ട്രാഫിക് പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. സെൻട്രൽ ജങ്ഷനിൽനിന്ന് സിഗ്നൽ കടന്ന് വരുന്ന വാഹനങ്ങൾക്ക് പോലും നിശ്ചിത സമയത്തിനകം പോകാനാകുന്നില്ല. നിലമ്പൂർ റോഡിലെ വാഹനക്കുരുക്ക് നെല്ലിപ്പറമ്പ് വരെ നീളുകയാണ്. രാവിലെയും വൈകീട്ടുമാണ് കൂടുതൽ കുരുക്ക്. മെഡിക്കൽ കോളജിലേക്ക് ഉൾപ്പടെയുള്ള രോഗികളും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന യാത്രക്കാരും കുരുക്കിൽ അകപ്പെടുകയാണ്. സ്വകാര്യ ബസുകൾക്കും കൃത്യസമയത്ത് എത്താനാകുന്നില്ല.
കനത്ത ചൂടിൽ ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാരും വിയർക്കുകയാണ്. കെൽട്രാണാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. ട്രാഫിക് പൊലീസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റൻറ് എത്തി പരിശോധന നടത്തിയിരുന്നു. ലൈറ്റിന്റെ ബാറ്ററി ബോക്സ് ഭാഗികമായി ദ്രവിച്ചിട്ടുണ്ട്. ബാറ്ററി ബോക്സ് സ്ഥാപിച്ച ബേസ്മെൻറ് കാലഹരണപ്പെട്ടതായും പരിശോധനയിൽ കണ്ടെത്തി. ഇത് പരിഹരിച്ചാൽ മാത്രമേ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കൂ. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ട്രാഫിക് എസ്.ഐ നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദക്ക് കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.