മങ്കട വെള്ളിലയില്‍ ഇടിമിന്നലേറ്റ് മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ മലയില്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ
ഖബറടക്കുന്നു -മുസ്തഫ അബൂബക്കർ
മങ്കട: അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പ്രിയപ്പെട്ട കുഞ്ഞനുജന്മാർക്ക് ചങ്കുപൊട്ടി യാത്രാമൊഴി നൽകി വെള്ളില ഗ്രാമം. വെള്ളില കുരങ്ങൻചോല വ്യൂ പോയന്റിൽ ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയുണ്ടായ ഇടിമിന്നലിൽ മരിച്ച വെള്ളില മല ഗ്രാമത്തിലെ മുഹമ്മദ് സിയാദ്, ഫഹദ്, ബഹാസ്, റഹീസ് എന്നീ വിദ്യാർഥികൾക്കാണ് ബന്ധുക്കളും നാട്ടുകാരും സഹപാഠികളും അധ്യാപകരും ജനപ്രതിനിധികളും കണ്ണീരോടെ വിടനൽകിയത്.
മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബുധനാഴ്ച രാവിലെ 11.20നാണ് മൃതദേഹങ്ങൾ വെള്ളില കോഴിക്കോട്ടുപറമ്പ് ടസ്കർ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനായി എത്തിച്ചത്. 10ന് മുമ്പ് തന്നെ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന വലിയ ജനാവലി ഓഡിറ്റോറിയത്തിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. 11ഓടെ ഓഡിറ്റോറിയവും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു.
പ്രിയപ്പെട്ടവരെ അവസാന നോക്ക് കാണാനെത്തിയവരുടെ നിര ഓഡിറ്റോറിയം പരിസരം കവിഞ്ഞ് റോഡിലേക്ക് നീണ്ടു. പൊലീസും സന്നദ്ധപ്രവർത്തകരും ഏറെ പ്രയാസപ്പെട്ടാണ് ജനത്തിരക്ക് നിയന്ത്രിച്ചത്. മൃതദേഹങ്ങൾ എത്തിയതോടെ ബന്ധുക്കളും സഹപാഠികളും കൂട്ടുകാരും അധ്യാപകരും നാട്ടുകാരും സങ്കടം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയുന്നുണ്ടായിരുന്നു.
ഉച്ചക്ക് 12ഓടെ ഇബ്രാഹിം ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ മയ്യിത്ത് നമസ്കാരം.
അപ്പോഴും മൃതദേഹങ്ങൾ കാണാനെത്തിയവരുടെ നീണ്ട നിര പുറത്ത് കാത്തുനിൽക്കുകയായിരുന്നു. 12.30ന് ശേഷം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലും മയ്യിത്ത് നമസ്കാരം നടന്നു. ഒരു മണിയോടെ മൃതദേഹങ്ങൾ വീടുകളിലേക്ക്. ഉറ്റവരുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിക്ക് ശേഷം വെള്ളില മല ജുമാമസ്ജിദിലേക്ക്. വൈകീട്ട് മൂന്നോടെ റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടുത്തടുത്തായി ഒരുക്കിയ ഖബറുകളിലേക്ക്. കളിചിരികളിലും ദുഃഖങ്ങളിലും ഒരുമിച്ച ആ നാലു കൂട്ടുകാർ അവസാന യാത്രയിലും സൗഹൃദം കൈവിട്ടില്ല.
എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം, നിയുക്ത എം.എൽ.എ വി.എസ്. ജോയ് തുടങ്ങിയവർ ടസ്കർ ഓഡിറ്റോറിയത്തിലെത്തി അന്ത്യോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.