മുഹമ്മദിന്റെ ഖബറിടം കാണാൻ പരത്തുള്ളി രവീന്ദ്രൻ എത്തി

എടപ്പാൾ: ശാരീരികഅവശതകൾ കാരണം വിശ്രമത്തിലായിരുന്ന ഗാനരചയിതാവും തിരക്കഥാകൃത്തും നാടകകൃത്തുമായ പരത്തുള്ളി രവീന്ദ്രൻ വർഷങ്ങൾക്കുശേഷം ജന്മനാട്ടിലെത്തി. ഉറ്റ സുഹൃത്തായിരുന്ന കെ.സി. മുഹമ്മദിന്റെ ഖബറിടം കാണാനാണ് ജന്മനാടായ എടപ്പാളിലേക്ക് വന്നത്. മതത്തിന്റെ ഒരുവിധ അതിർവരമ്പുകളില്ലാതെ ഒരേ മനസ്സോടെ ജീവിച്ച ഉറ്റ ചങ്ങാതിയുടെ എടപ്പാൾ ടൗൺ ജുമാമസ്ജിദിലെ ഖബറിടത്തിൽനിന്ന് രവീന്ദ്രൻ പഴയകാലത്തെ ഓർത്തു. പ്രയാസം നിറഞ്ഞ ഘട്ടത്തിൽ ദൈവ ദൂതനായി പ്രിയ സുഹൃത്ത് പ്രത്യക്ഷപ്പെട്ട ജീവിതാനുഭവങ്ങളാണ് രവീന്ദ്രനെ തിരക്കഥാകൃത്താക്കിയത്.

കല്യാണത്തിന് താലി വാങ്ങാൻ പോലും പണമില്ലാതെ പ്രയാസപ്പെട്ട രവീന്ദ്രന് ഭാര്യയുടെ ചെവിയിലെ സ്വർണ ചുറ്റി ഊരിയെടുത്ത് താലി പണിയിച്ച് നൽകിയയാളാണ് കെ.സി. മുഹമ്മദ്. ഈ അനുഭവമാണ് സോമൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച് പരത്തുള്ളി രവീന്ദ്രന്റെ തിരക്കഥയിൽ ബി.കെ. പൊറ്റക്കാട് സംവിധാനം ചെയ്ത് 1977ൽ പുറത്തിറങ്ങിയ പല്ലവി എന്ന ചിത്രം പിറവിയെടുക്കുന്നതിന് കാരണമായത്. ഈ ചിത്രത്തിൽ ഗാനരചന നിർവഹിച്ചതും രവീന്ദ്രൻ തന്നെയായിരുന്നു. അങ്ങനെ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം സമ്മാനിച്ചതിനൊപ്പം രവീന്ദ്രനെ തിരക്കഥാകൃത്തിന്റെ കുപ്പായമണിയിക്കുന്നതിലും കെ.സി. മുഹമ്മദ് പ്രേരണയായി.

പിൽക്കാലത്ത് ജന്മദേശം വിട്ട് രാമനാട്ടുകരയിലേക്ക് താമസം മാറിയെങ്കിലും മുഹമ്മദ് എന്നും രവീന്ദ്രന്റെ മനസ്സിൽ മായാതെ ഉണ്ടായിരുന്നു. മതങ്ങൾ ചേരി തിരിഞ്ഞുള്ള കൊലപാതങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദിന്‍റെ മക്കളായ അഷ്റഫ്, ജലീൽ, മറ്റൊരു സുഹൃത്തായിരുന്ന ബാവയുടെ മകൻ റഫീഖ് എടപ്പാൾ, എ.വി.എം. ഉണ്ണി, ഭാര്യ, മക്കൾ, പേരമക്കൾ എന്നിവർ രവീന്ദ്രനൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - Parathulli Raveendran came to see Muhammad's grave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.