പാണമ്പ്ര അപകടം: രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി ദർസ് വിദ്യാർഥികൾ

തേഞ്ഞിപ്പലം: ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ പാണമ്പ്രയിൽ അപകടങ്ങളുണ്ടാവുമ്പോൾ രക്ഷാപ്രവർത്തകരായി ഓടിയെത്തി പാണമ്പ്ര ജൂമാമസ്ജിദിലെ ദർസ് വിദ്യാർഥികൾ. ശനിയാഴ്ച പുലർച്ച നാലോടെ വൻ ശബ്ദം കേട്ട് ദർസ് വിദ്യാർഥികൾ ഓടിയെത്തിയപ്പോൾ കാണുന്ന കാഴ്ച ബസ് റോഡിൽ മറിഞ്ഞ് കിടക്കുന്നതാണ്. ഉടൻ ബസിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. തകർന്ന ചില്ലിനുള്ളിലൂടെ പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കാനുള്ള ഓട്ടമായിരുന്നു പിന്നീട്.

ഒമ്പത് വർഷത്തോളമായി പാണമ്പ്ര പള്ളിയിൽ പഠിക്കുകയും ജോലി നോക്കുകയും ചെയ്യുന്ന ത്വാഹ മുസ്ലിയാരുടെ വിദ്യാർഥികളായ സഫ്വാൻ, അജ്മൽ, മുഹ്സിൻ, ഷഫീഖ് എന്നിവരാണ് അപകട സ്ഥലത്തേക്ക് പാഞ്ഞെത്തിയത്. ഈ സമയം അതു വഴി വന്ന വാഹന യാത്രക്കാരും ഓടിയെത്തിയിരുന്നു. ഉടൻ തന്നെ നാട്ടുകാർക്കും ട്രോമാ കെയർ വളണ്ടിയർ മാർക്കുമൊപ്പം വിദ്യാർഥികൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. സുബ്ഹ് നമസ്കാരത്തിന് എഴുന്നേറ്റപ്പോഴാണ് ഇവർ അപകട ശബ്ദം കേട്ടത്. ബസിനുള്ളിലെ വിദ്യാർഥികളുടെ നിലവിളി ഭീതിപ്പെടുത്തുന്നതായിരുന്നുവെന്ന് ഇവർ പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞപ്പോഴും രക്ഷകരായി ഈ വിദ്യാർഥികൾ മുന്നിലുണ്ടായിരുന്നു. ടാങ്കർ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയ വിദ്യാർഥികൾ പള്ളിയിലെ മൈക്കിലൂടെ ജനങ്ങൾക്ക് അപകട മുന്നറിയിപ്പ് നൽകിയതും വലിയ രക്ഷാദൗത്യമായിരുന്നു.

ബസപകടത്തിൽനിന്ന് രക്ഷപ്പെട്ട വിദ്യാർഥികൾ പിന്നീട് വിനോദയാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് കിളിമാനൂരിലേക്ക് തിരിക്കുകയായിരുന്നു. അതുവരെ ഇവർക്ക് പള്ളി വളപ്പിൽ പ്രാഥമിക ആവശ്യങ്ങൾക്കും മറ്റും സൗകര്യം ഒരുക്കി കൊടുത്തു.

Tags:    
News Summary - Panampura accident: Dars students lead rescue operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.